തിരുവനന്തപുരം: അടുത്തിടെ അമിത് ഷാ കേരളത്തില്‍ വന്നു പറഞ്ഞ കാര്യങ്ങള്‍ ജാഗ്രതയോടെയും ഗൗരവത്തിലും എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മും എല്‍ഡിഎഫും മാത്രം വിചാരിച്ചിട്ട് കാര്യമില്ലെന്നും ഇത് തടയാന്‍ സമൂഹം ഒന്നിച്ചിറങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ അഴീക്കോടന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കഴിഞ്ഞ മാസം എറണാകുളത്ത് ഒരു പരിപാടി നടന്നു. അതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്തു. അദ്ദേഹം സാധാരണഗതിയില്‍ കടന്നു ചെല്ലേണ്ടതില്ലാത്ത ഒരു ഭാഗത്തേക്ക് കടന്നു. കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. അതില്‍ 25 ശതമാനം വോട്ട് ബിജെപി നേടുമെന്ന് അദ്ദേഹം പറഞ്ഞു. തൊട്ടു പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഞങ്ങള്‍ നേടുമെന്നും പറഞ്ഞു. അമിത് ഷാ ബിജെപിയുടെ സമുന്നതരായ നേതാക്കളിലൊരാളാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കേരളീയ സമൂഹം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. സിപിഎമ്മും എല്‍ഡിഎഫും മാത്രം ശ്രദ്ധിക്കേണ്ടി കാര്യമല്ല അത്’ മുഖ്യമന്ത്രി പറഞ്ഞു.
ആര്‍എസ്എസ് പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രം മേധാവിത്വം വഹിച്ചാല്‍ പിന്നെ നമ്മുടെ സമൂഹത്തിന് ഇങ്ങനെ നിലനില്‍ക്കാനാകില്ല. ഇപ്പോള്‍ നമുക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. ഇഷ്ടമുള്ള ആരാധനാലയത്തില്‍ പോകാം. ഏത് ഭക്ഷണവും കഴിക്കാം. ഇതൊക്കെ കേരളത്തില്‍ നടക്കും. ആര്‍എസ്എസിന് മേധാവിത്വം കിട്ടാത്തത് കൊണ്ടാണ് ഇതൊക്കെ നടക്കുന്നത്. സംഘപരിവാര്‍ മേധാവിത്വമുള്ളിടത്ത് അടുക്കളയിലെ ഭക്ഷണം പരതിയാണ് ആളുകളെ ആക്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഓണ നാളില്‍ ഒരാള്‍ കാണാന്‍ വന്നു. അദ്ദേഹത്തിന് ഒരു സംഘപരിവാറുകാരന്‍ അയച്ച മെസേജ് കാണിച്ചു തന്നു. അതില്‍ മഹാവിഷ്ണു നില്‍ക്കുന്നു. അതിന് താഴെ വാമനന്‍ നില്‍ക്കുന്നു. വാമനന്റെ കാല്‍ക്കല്‍ മഹാബലി നില്‍ക്കുന്നു. എന്നു പറഞ്ഞാല്‍ ഓണത്തിന് മഹാബലിയെ നാം ഓര്‍ക്കുന്നു. ആര്‍എസ്എസിന് അതിനോട് യോജിപ്പില്ല. വാമനനെയാണ് ഓര്‍ക്കേണ്ടത് എന്നാണ് അവർ പറയുന്നത്. ഓണവും മഹാബലിയേയും നഷ്ടപ്പെടുന്ന സ്ഥിതിയാകും ആര്‍എസ്എസിന് മേധാവിത്വം കിട്ടിയാല്‍ ഉണ്ടാകാന്‍ പോകുന്നത്’ മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിലും വലിയ വിവാദമാക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ‘ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ അയ്യപ്പനോടൊപ്പം വാവരുമുണ്ട്. വാവര്‍ക്കും പ്രധാന സ്ഥാനമുണ്ട്. ഇത് സംഘപരിവാറിന് യോജിക്കാനാകുന്നില്ല. ഒരു മുസ്ലിമിന് അങ്ങനെ സ്ഥാനം കൊടുക്കാനാകുമോ എന്നതാണ് അവരെ ചൊടിപ്പിക്കുന്നത്. വാവരുടെ പേര് മാറ്റാനും ഇകഴ്ത്തി കാണിക്കാനും അവര്‍ ശ്രമിക്കുകയാണ്. അയ്യപ്പനെ ആരാധിക്കുന്ന ആളുകള്‍ക്ക് അംഗീകരിക്കാനാകുമോ അത്. ഇവര്‍ക്ക് മേധാവിത്വം കിട്ടിയാല്‍ നഷ്ടപ്പെടുക ഇതടക്കമാണ്.
ഏതിലും തങ്ങളുടെ സങ്കുചിത ചിന്തകള്‍ അടിച്ചേല്‍പ്പിക്കാനാണ് അവര്‍ ശ്രമിക്കുക. ആ ധാരണ സമൂഹത്തിന് ഉണ്ടാകണം. ന്യൂനപക്ഷങ്ങളെ സംഘപരിവാര്‍ അംഗീകരിക്കില്ല. നമ്മുടെ നാട് ശാന്തമാണ്. ഈ നാടിനെ ജാതിമത വിദ്വേഷമുള്ള നാടാക്കി മാറ്റാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അമിത് ഷാ പറയുന്നത് പോലെ ബിജെപിക്ക് നല്‍കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകര്‍ക്കാനാണ് ഇടവരുത്തുക എന്നത് തിരിച്ചറിയണം. അത് മനസ്സിലാക്കി നിലപാട് സ്വീകരിക്കേണ്ടതുണ്ട്’ മുഖ്യമന്ത്രി പറഞ്ഞു.
അമിത് ഷായ്ക്ക് താത്പര്യമുള്ള ഒരു സംഘടനയുടെ അഖിലേന്ത്യാ നേതാക്കളില്‍ മുന്‍നിര നേതാക്കളിലൊരാള്‍ കേരളത്തില്‍ വന്ന് അനുഭവംകൊണ്ട് തെറ്റിദ്ധാരണ മാറ്റിയെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
‘കുറച്ച് നാള്‍ മുമ്പ് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ അമിത് ഷായ്ക്ക് താത്പര്യമുള്ള ഒരു സംഘടനയുടെ അഖിലേന്ത്യാ നേതാക്കളില്‍ മുന്‍നിരയിലുള്ള ഒരാള്‍ വരികയുണ്ടായി. കേരളം കാണണമെന്ന് അദ്ദേഹത്തിന് തോന്നി. ഭാര്യയേയും കൂട്ടി അദ്ദേഹം വന്നു. പട്ടണങ്ങള്‍ക്ക് പുറമേ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാനാണ് അദ്ദേഹം താത്പര്യപ്പെട്ടു. ഇവിടെ എന്താണ് എല്ലാവരും വസ്ത്രമിട്ട് നടക്കുന്നതെന്നും മാലിന്യം ഒന്നും കാണാത്തതെന്നും അദ്ദേഹം ഡ്രൈവറോട് ചോദിച്ചു. ഡ്രൈവര്‍ മറുപടി നല്‍കി. റിയല്‍ കേരള സ്‌റ്റോറി എന്താണെന്ന് അദ്ദേഹം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു. വീണ്ടും വരുമെന്ന് അദ്ദേഹം പറഞ്ഞു. ഈ കേരളം ഈ നിലയ്ക്ക് നില്‍ക്കണോ എന്നതാണ് പ്രശ്‌നം’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


