KeralaNews

പൗരത്വഭേദഗതി നിയമം; ആർഎസ്എസ് അജണ്ട കേരളത്തില്‍ നടപ്പാവില്ല, കോണ്‍ഗ്രസിന് ഒളിച്ചുകളി: മുഖ്യമന്ത്രി

കോഴിക്കോട്: ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വത്തെ നിയമവിരുദ്ധമാക്കുകയാണ് പൗരത്വ ഭേദഗതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ഭരണഘടന നല്‍കുന്നത്. ഇതാണ് ശരിയായ മതനിരപേക്ഷത. ഭരണഘടന രൂപീകരിച്ചപ്പോള്‍ എതിര്‍ത്തവരാണ് ആര്‍എസ്എസുകാര്‍. മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് നിയമത്തിലൂടെ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്ത് ഒരിടത്തും മതത്തിന്റെ അടിസ്ഥാനത്തില്‍ അഭയാര്‍ത്ഥികളെ വേര്‍തിരിച്ചിട്ടില്ല. അമേരിക്ക പോലും പൗരത്വ നിയമത്തെ തള്ളിപ്പറഞ്ഞു. രാജ്യം ലോകത്തിന് മുന്നില്‍ ഒറ്റപ്പെട്ടു. പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.മൗലിക അവകാശം ഹനിക്കുന്ന രീതിയില്‍ നിയമം കൊണ്ടുവരാന്‍ സര്‍ക്കാറിന് അവകാശമില്ല. നിയമത്തിന് മുന്നില്‍ തുല്യതയും പരിരക്ഷയും ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്.

ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും നിയമ പരിരക്ഷ ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. മതപരമായ വിവേചനത്തെ നിയമപരമാക്കാന്‍ ആണ് ഭേദഗതി കൊണ്ടുവന്നത്. ഇന്ത്യ എന്ന ആശയത്തിന് വെല്ലുവിളിയാണ്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പിലാക്കാനുള്ള ശ്രമം പൗരത്വ നിയമഭേദഗതി നടപ്പിലാക്കാനുള്ള ആദ്യപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ ഭേദഗതിയും ദേശീയ ജനസംഖ്യാ രജിസ്റ്ററും കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ആര്‍എസ്എസ് അജണ്ട കേരളത്തില്‍ നടപ്പിലാക്കില്ലെന്നും പൗരത്വ ഭേദഗതിക്കെതിരായ സര്‍ക്കാര്‍ നടപടി ചൂണ്ടികാട്ടി മുഖ്യമന്ത്രി പറഞ്ഞു. പൗരത്വഭേദഗതിക്കെതിരെ ആദ്യം ശബ്ദിച്ചത് കേരളമാണെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.

പൗരത്വഭേദഗതിയില്‍ കോണ്‍ഗ്രസിനെ മുഖ്യമന്ത്രി വിമര്‍ശിച്ചു. നിയമസഭാ പ്രമേയം പാസാക്കിയവര്‍ ഇപ്പോള്‍ ഒപ്പമില്ല. പ്രക്ഷോഭം നടന്നപ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു. നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷന്മാരുടെ വിരുന്ന് ഉണ്ണുകയായിരുന്നു. പാര്‍ലമെന്റില്‍ ആരിഫിന്റെ ശബ്ദം മാത്രമാണ് ഉയര്‍ന്നത്.

കോണ്‍ഗ്രസ് ഇടപെടല്‍ സാങ്കേതികം മാത്രമാണ്. എംപിമാര്‍ മൂലയില്‍ ഒളിച്ചു. ഇടത് എംപിമാര്‍ രാജ്യസഭയില്‍ ഫലപ്രദമായി ഇടപെട്ടുവെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.കോണ്‍ഗ്രസ് ഒളിച്ചുകളിക്കുകയാണ്. എല്‍ഡിഎഫിന് ഒളിച്ചുകളിയില്ല. ഉള്ളത് ശക്തമായ നിലപാട്. മുസ്ലിം പൗരന്മാരെ രണ്ടാം കിടക്കാരാക്കുന്ന നിലപാടിനോട് യോജിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker