FeaturedHome-bannerKeralaNews

നിയമസഭ വിളിച്ചുചേര്‍ക്കുന്നതില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ല,മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തുനല്‍കി,ഗവര്‍ണര്‍ക്കെതിരെ ഭരണ-പ്രതിപക്ഷങ്ങള്‍ ഒറ്റക്കെട്ട്,പിന്തുണയുമായി ബി.ജെ.പി

തിരുവനന്തപുരം: തിരുവനന്തപുരം പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.സഭാ സമ്മേളനത്തിന് അനുമതി നല്‍കാതിരുന്ന ഗവര്‍ണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭ വിളിച്ചുചേര്‍ക്കുന്നതില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഇല്ല.നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷം ഉള്ള സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിക്കളയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.തീരുമാനം പുനപരിശോധിയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്.

ഗവർണർക്ക് മുഖ്യമന്ത്രി നൽകിയ കത്തിൽ ഉന്നയിച്ച വസ്തുതകൾ ഇവയാണ്:

1- അടിയന്തര സാഹചര്യം ഇല്ല എന്ന വാദം തെറ്റ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം ഇന്നത്തെ നിലയിലേക്ക് വളർന്നത് അടുത്ത ദിവസങ്ങളിലാണ്. ഭക്ഷ്യസാധനങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് കർഷക സമൂഹവും കാർഷിക മേഖലയും നേരിടുന്ന പ്രശ്നങ്ങളിൽ വലിയ ഉത്കണ്ഠയുണ്ട്.

2- ഗവർണറുടെ നടപടി ഭരണഘടനയുടെ 174 (ഒന്ന് ) അനുഛേദത്തിന് വിരുദ്ധമാണ്. സഭ വിളിക്കുന്നതിനോ സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിനോ ഗവർണർക്ക് വിവേചനാധികാരം ഇല്ല.

3 – രാഷ്ട്രപതിയും ഗവർണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടത്. പഞ്ചാബ് സംസ്ഥാനവും ഷംസീർ സിങും തമ്മിലുള്ള കേസിൽ ( 1975 ) സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

4- നിയമസഭയിൽ ഭൂരിപക്ഷമുള്ള സർക്കാർ നിയമസഭ വിളിക്കാനോ പിരിയാനോ ശുപാർശ ചെയ്താൽ അത് അനുസരിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്ന് സർക്കാരിയ കമ്മീഷനും (കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് ശുപാർശ സമർപ്പിച്ച കമ്മീഷൻ ) അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. നിയമസഭ വിളിക്കുവാൻ മന്ത്രിസഭ ശുപാർശ ചെയ്താൽ അത് നിരസിക്കാൻ ഗവർണർക്ക് അധികാരമില്ല. കീഴ് വഴക്കങ്ങളും അതുതന്നെയാണ്.

ദേശീയതലത്തിൽ വിവാദമായ കർഷക നിയമത്തിനെതിരെ പ്രത്യേക പ്രമേയം പാസാക്കുന്നതിനായി ചേരേണ്ടിയിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനാണ് ഗവർണർ അനുമതി നിഷേധിച്ചത്. കാർഷിക നിയമം കേരളത്തിലെ കർഷകരെ ബാധിക്കുമെന്ന സർക്കാരിൻറെ വിശദീകരണം തള്ളിയാണ് ഗവർണറുടെ തീരുമാനം. ഗവർണറുടെ തീരുമാനം ദൗർഭാഗ്യകരമാണെന്നും രാഷ്ട്രീയ പ്രേരിതമാകാമെന്ന് സംശയിക്കുന്നതായും കൃഷി മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. ഗവർണറുടെ തീരുമാനം ഭരണഘടനാ ലംഘനമാണെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം ഗവർണറുടെ തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്തു.

ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് കർഷകബില്ലിനെതിരെ സംയുക്തപ്രമേയം പാസാക്കാനായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തത്. കൊവിഡ് സാഹചര്യത്തിൽ ഒരു മണിക്കൂർ മാത്രം നീളുന്ന പ്രത്യേക സമ്മേളനം ചേരാനായിരുന്നു സർക്കാർ ഉദ്ദേശിച്ചത്. കക്ഷി നേതാക്കൾക്ക് മാത്രം സമ്മേളനത്തിൽ സംസാരിക്കാൻ അനുമതി നൽകിയാൽ മതിയെന്നും ധാരണയായിരുന്നു.

സമ്മേളനം വിളിച്ചു കൂട്ടാനുള്ള സർക്കാർ ശുപാർശ ലഭിച്ച രാജ്ഭവൻ ഇതേക്കുറിച്ച് വിശദീകരണം തേടി. കൊവിഡ് കാലത്ത് നിയമസഭാ സമ്മേളനം വിളിക്കാനുള്ള എന്ത് അടിയന്തരസാഹചര്യമാണ് നിലനിൽക്കുന്നതെന്നാണ് പ്രധാനമായും രാജ്ഭവൻ ചോദിച്ചത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്ഭവന് മറുപടി നൽകിയെങ്കിലും ഗവർണർ തൃപ്തനായില്ല. ഉച്ചയോടെ കൃഷിമന്ത്രി വിഎസ് സുനിൽകുമാർ നേരിട്ട് രാജ്ഭവനിലെത്തുകയും കാർഷിക ബിൽ കേരളത്തിലെ കർഷകരെ ഗുരുതരമായി ബാധിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തെങ്കിലും മന്ത്രിയുടെ വാദങ്ങളും തള്ളിയാണ് രാജ്ഭവൻ പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചത്.

നാല് മണി – അഞ്ച് മണി വരെ ഞങ്ങൾ പ്രതീക്ഷിച്ചത് ഗവർണർ അനുമതി തരുമെന്നാണ്. ഇതുവരെ ഇങ്ങനെയൊരു സാഹചര്യം ഇന്ത്യയിലുണ്ടായിട്ടില്ല. ഒരു രാജ്യം ഒരു നിയമം ഒരു പാർലമെൻ്റ എന്നു പറയുന്നത് നാം ഭരണഘടനയ്ക്ക് വിധേയമായി പ്രവർത്തിക്കണം എന്നാണ്. ഭരണഘടനപരമായി പ്രവർത്തിക്കേണ്ട അസംബ്ലികളുടെ പ്രവർത്തനം തടയാൻ ആർക്കും അധികാരമില്ല. ഇക്കാര്യത്തിൽ എന്തു തുടർനടപടി സ്വീകരിക്കണമെന്നത് മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം കൂടിയാലോചന നടത്തി തീരുമാനിക്കും. പറയാനുള്ള കാര്യങ്ങൾ പറയാതിരിക്കാൻ സർക്കാരിന് പറ്റില്ല – കൃഷിമന്ത്രി വിഎസ് സുനിൽ കുമാർ പറഞ്ഞു.

മുഖ്യമന്ത്രിയും കക്ഷിനേതാക്കളും കൂടിയാലോചിച്ച് വേണം ഇക്കാര്യത്തിൽ തീരുമാനം വേണ്ടത്. ഗവർണർ അനുമതി നൽകാത്ത പക്ഷം നിയമസഭാ വിളിച്ചു കൂട്ടാൻ പറ്റില്ല. സ്വാഭാവികമായും അതു നിയമയുദ്ധത്തിലേക്ക് പോകും. എന്നാൽ ഇക്കാര്യത്തിൽ പാലിക്കേണ്ട അടിസ്ഥാന നയങ്ങളെപ്പറ്റി സുപ്രീംകോടതിയടക്കം നേരത്തെ പലവട്ടം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

മന്ത്രിസഭയുടെ തീരുമാനം അനുസരിച്ച് വേണം ഗവർണർ നിയമസഭ വിളിച്ചു ചേർക്കാൻ. സാധാരണ ഗതിയിൽ മന്ത്രിസഭയുടെ തീരുമാനത്തെ ചോദ്യം ചെയ്യാൻ ഗവർണർ മെനക്കെടാറില്ല. സംസ്ഥാന സർക്കരിൻ്റേയും നിയമസഭയുടേയും തീരുമാനത്തെ മാനിക്കുകയാണ് ഗവർണർ ചെയ്യേണ്ടത് – ഗവർണറോട് തീരുമാനത്തോട് പ്രതികരിച്ചു കൊണ്ട് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു.

ഗവർണറുടെ നിലപാട് ഭരണഘടനാ ലംഘനമാണെന്ന് കോൺഗ്രസ് ആരോപിച്ചു. നിയമസഭയുടെ താഴത്തെ ഹാളിൽ യോഗം ചേർന്ന് ഇതിനെതിരെ പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഗവർണറുടെ നടപടി അവിശ്വസനീയമാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ്റെ പ്രതികരിച്ചു.

ബിജെപിയുടെ രാഷ്ട്രീയ തീരുമാനം സംരക്ഷിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി.ജോസഫ് വിമർശിച്ചു. ഇല്ലാത്ത അധികാരം ഉപയോഗിക്കുന്ന ഗവർണർ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണറെ തിരിച്ചു വിളിക്കണമെന്ന് വിഡി സതീശൻ എംഎൽഎ പറഞ്ഞു. ഗവർണർക്കെതിരെ പ്രതികരിക്കാൻ സർക്കാരിന് ഭയമാണെന്നും അദേഹം വിമർശിച്ചു. ഗവർണറുടെ നടപടി ചർച്ച ചെയ്യാനും തുടർനടപടികൾ സ്വീകരിക്കാനും നാളെ യുഡിഎഫിൻ്റെ പാർലമെൻ്ററി പാർട്ടിയോഗം ചേരുന്നുണ്ട്. ഗവർണർക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

അതേസമയം നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചതായുള്ള അറിയിപ്പിൽ സർക്കാരിൻ്റെ നിലപാടിന് വിശദമായ മറുപടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയത്. നിയമസഭയുടെ അടിയന്തര സമ്മേളനം ചേരാനുള്ള എന്ത് പ്രത്യേക സാഹചര്യമാണ് നിലവിലുള്ളതെന്ന് ഗവർണർ സർക്കാരിനോട് ചോദിക്കുന്നു. ജനുവരി 8 മുതൽ നിയമസഭ സമ്മേളനത്തിന് നേരത്തെ അനുമതി നൽകിയിട്ടുണ്ട്. അതിനിടെ ഇപ്പോൾ നിയമസഭ ചേരേണ്ട അടിയന്തിര സാഹചര്യം ഇല്ല. സർക്കാർ പ്രമേയം കൊണ്ടു വരാൻ ഉദ്ദേശിക്കുന്ന കാർഷിക നിയമ ഭേദഗതി നിലവിൽ വന്നു മാസങ്ങളായെന്നും ഗവർണർ മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു.

പാർലമെൻ്റ് പാസാക്കി രാഷ്ട്രപതി ഒപ്പുവച്ച് നിയമമാക്കിയ കാർഷിക പരിഷ്കരണം നിയമം തള്ളിക്കൊണ്ട് പ്രമേയം കൊണ്ടു വരാനുള്ള നീക്കം തടഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി സ്വാഗതാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു. ജനാധിപത്യത്തെ അപമാനിക്കാനുള്ള ഭരണ-പ്രതിപക്ഷ സഖ്യത്തിൻ്റെ നീക്കം ഭരണഘടനാവിരുദ്ധമാണ്. രാജ്യത്തിൻ്റെ ഫെഡറലിസത്തിൻ്റെ കടയ്ക്കൽ കത്തിവെക്കാനുള്ള ശ്രമം കേരളത്തിന് ഗുണകരമല്ലെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള ശ്രമം തകർത്ത ഗവർണറുടെ നിലപാട് സുധീരമാണെന്ന് ബിജെപി എം.എൽ.എ ഒ.രാജഗോപാൽ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button