തിരുവനന്തപുരം: കേരളത്തിലെ ഗതാഗത സംവിധാനങ്ങൾ ദേശീയ ശരാശരിയെ അപേക്ഷിച്ച് പിന്നിലാണെന്നും നവകേരള നഗരനയം നടപ്പാക്കുന്നതിന് പ്രത്യേക കമ്മിഷൻ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യാന്തര തലത്തിലുള്ള വിദഗ്ധരെയും സ്ഥാപനങ്ങളെയും ഉൾക്കൊള്ളിച്ചാണ് പദ്ധതി ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങൾക്കായി മാസ്റ്റർപ്ലാൻ തയാറാക്കുന്നതിന് രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധേയരായവരുടെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്മാർട്സിറ്റിയും കെഎസ്ആർടിസിയും ചേർന്ന് തുടങ്ങുന്ന 113 ഇലക്ട്രിക് ബസുകളിൽ 60 എണ്ണത്തിന്റെ സർവീസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിലെ ഗതാഗതസംവിധാനങ്ങൾ ദേശീയ ശരാശരിയെ അപേക്ഷിച്ച് പിന്നിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നൂതന ഗതാഗത സംവിധാനങ്ങൾ കേരളത്തിൽ കൊണ്ടുവരേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും വന്ദേഭാരതിലെ തിരക്ക് അത് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
നൂതനമായ ഗതാഗത സംവിധാനങ്ങള്‍ ആര്‍ക്കാണ് വേണ്ടതെന്ന് ചില കോണുകളില്‍ നിന്ന് ചോദ്യങ്ങളുയരുന്ന കാലം കൂടിയാണിത്. അതില്‍ എത്ര പേരാണ് യാത്ര ചെയ്യുക, എന്തിനാണ് അതിനായി പണം ചെലവഴിക്കുന്നത് എന്ന് ചോദിക്കുന്ന ചിലരെങ്കിലും നമ്മുടെ നാട്ടിലുണ്ട്. അവ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ എങ്ങനെയെല്ലാം പരിഭ്രാന്തിയുണ്ടാക്കാമോ ആ ശ്രമങ്ങളെല്ലാം ഇക്കൂട്ടര്‍ നടത്തുകയാണ്.
കുറച്ചു മാസങ്ങള്‍ക്കു മുമ്പാണ് വന്ദേഭാരത് ട്രെയിന്‍ ഇവിടെ ഓടിത്തുടങ്ങിയത്. നിലവിൽ അതില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണുള്ളത്. ഇവിടെ ഒരു പരിപാടിക്ക് എറണാകുളത്തുനിന്ന് വന്ന ഒരാള്‍ എന്നോട് പറഞ്ഞത് അദ്ദേഹം ടിക്കറ്റിന് അന്വേഷിച്ചപ്പോള്‍ ടിക്കറ്റില്ല എന്നാണ്.
അത്രയേറെ ആളുകള്‍ ദിവസവും ഈ വേഗതയേറിയ സംവിധാനം ഉപയോഗിക്കുകയാണ്. കേരളം നൂതനഗതാഗത സംവിധാനത്തിന്റെ കാര്യത്തില്‍ എങ്ങനെയാണ് പൊതുവേ ചിന്തിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.