തിരുവനന്തപുരം: വൃത്തിക്കേട് കാണിച്ച് അതിന്റെ പങ്കുപറ്റുന്ന പാർട്ടിയല്ല സിപിഎമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഒരു പാർട്ടി എന്ന നിലക്ക് എല്ലാ ഘട്ടത്തിലും നമ്മുടെ സമൂഹത്തിലുണ്ടാകുന്ന വീഴ്ചകൾക്കും തെറ്റുകൾക്കും ഉണ്ടാകാൻ പാടില്ലാത്ത മറ്റുവ്യതിയാനങ്ങൾക്കും എതിരെ പോരാടുന്ന പാർട്ടിയാണ്. സിപിഎം ലക്ഷകണക്കിന് ആളുകൾ അണിനിരക്കുന്ന പാർട്ടിയാണ്. കൂട്ടത്തിൽ ആരെങ്കിലും ചിലർ തെറ്റുകാണിച്ചാൽ അത് മൂടിവെക്കുന്ന സംസ്കാരം സിപിഎം ഒരു കാലത്തും കാണിച്ചിട്ടില്ലെന്ന് എല്ലാവർക്കും അറിയാം. പാർട്ടിയിൽ ഏത് സ്ഥാനം വഹിച്ചാലും പാർട്ടിക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ നടത്തിയാൽ കർശനമായ നടപടി സ്വീകരിക്കുന്നതാണ് പതിവ്.
കരുവന്നൂർ സഹകരണ ബാങ്ക് വലിയതോതിൽ തെറ്റായ കാര്യമാണ് ചെയ്തിട്ടുള്ളത്. തെറ്റായ കാര്യങ്ങളെ കുറിച്ച് ഗൗരവമായി സർക്കാർ കണക്കിലെടുത്തിട്ടുണ്ട്. അതുകൊണ്ടാണ് ഭരണസമിതി തന്നെ പിരിച്ചുവിട്ട് അന്വേഷണത്തിലേക്ക് പോകുന്നത്. ആ അന്വേഷണം നല്ല കൃത്യതയോടെ പ്രത്യേക സംഘത്തെ വെച്ച് നടത്തുകയാണ്. കുറ്റവാളികളും തെറ്റുചെയ്തവരും ആരായാലും ഏത് രാഷ്ട്രീയക്കാരായാലും സംരക്ഷിക്കുന്ന നിലയല്ല സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് സഹകരണ മേഖല ജനം ഏറ്റവുമധികം വിശ്വാസമർപ്പിച്ചിട്ടുള്ള മേഖലയാണ്. അതിനകത്ത് ഇതുപോലുള്ള അനുഭവങ്ങൾ വളരെ വിരളമാണ്. പ്രസ്ഥാനങ്ങൾ എന്ന നിലക്ക് തീരെ ഉണ്ടായിട്ടില്ല എന്ന് പറയാനാവില്ല. അത്തരം സന്ദർഭങ്ങളിലെല്ലാം കർശന നടപടി ഉണ്ടായിട്ടുണ്ട്. സഹകരണമേഖലയുടെ വിശ്വാസം നിലനിർത്താൻ വേണ്ടതെല്ലാം ചെയ്യുമെന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.