തിരുവനന്തപുരം: ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ വിധിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ ശിക്ഷിക്കാപ്പെടാത്തത് തീര്‍ത്തും ദൌര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
അയോദ്ധ്യയിലെ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുടലെടുത്ത കേസിലെ അന്തിമ വിധി പ്രസ്താവിക്കുമ്പോള്‍ 1949 ഡിസംബര്‍ 22 ന് രാത്രി തര്‍ക്കഭൂമിയില്‍ രാമവിഗ്രഹം സ്ഥാപിച്ചത് ആസൂത്രിത നടപടിയായിരുന്നു എന്നാണ് സുപ്രീം കോടതി പറഞ്ഞത്. 1992 ഡിസംബര്‍ 6ന് ബാബറി മസ്ജിദ് പൊളിച്ച നടപടിയെ നിയമവാഴ്ചയുടെ കടുത്ത ലംഘനം എന്നാണ് കഴിഞ്ഞ നവംബര്‍ 9 ന്റെ വിധിപ്രസ്താവത്തില്‍ സുപ്രീം കോടതി വിശേഷിപ്പിച്ചത്.
കടുത്ത നിയമലംഘനം എന്ന് രാജ്യത്തെ പരമോന്നത കോടതി തന്നെ വിശേഷിപ്പിച്ച സംഭവമാണ് ബാബരി മസ്ജിദ് ധ്വംസനം. മസ്ജിദ് തകര്‍ക്കുന്നതിന് മുന്നോടിയായി നടത്തിയ രഥയാത്ര, അതിനു നേതൃത്വം നല്‍കിയവര്‍, അവരുടെ സഹായികള്‍, കര്‍സേവക്ക് ആഹ്വാനം ചെയ്തവര്‍, അതിനൊക്കെ ആളും അര്‍ത്ഥവും പ്രദാനം ചെയ്ത സംഘടനകള്‍, ആ ഘട്ടത്തില്‍ തങ്ങളെ തടയാന്‍ കോടതി ആരാണ് എന്ന് ചോദിച്ചവര്‍ എന്നിങ്ങനെ ആ കടുത്ത നിയമലംഘനത്തിനു ഉത്തരവാദികള്‍ നമ്മുടെ കണ്മുന്നില്‍ ഉണ്ട്. അത്തരം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇന്ത്യന്‍ മത നിരപേക്ഷതയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്തിനുള്ള ശിക്ഷ അവര്‍ അര്‍ഹിക്കുന്നു.
ഇന്ത്യന്‍ മതേതരത്വത്തിന് ഏറ്റവും വലിയ പോറലേല്പിച്ച ഈ കടുത്ത നിയമ ലംഘന നടപടിയുടെ ഉത്തരവാദിത്വം സംഘ പരിവാര്‍ ശക്തികള്‍ക്കാണ്. അതിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് കാരണമായതിന്റെയും ഒത്താശ ചെയ്തുകൊടുത്തതിന്റെയും അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചതിന്റെയും ഉത്തരവാദിത്തം കോണ്‍ഗ്രസ്സിനും ചങ്ങാതിമാര്‍ക്കുമുണ്ട്.
പൂട്ടിക്കിടന്ന ബാബ്‌റി മസ്ജിദ് സംഘപരിവാറിനായി തുറന്നു കൊടുത്തത് കോണ്‍ഗ്രസ്സാണ്. ശിലാന്യാസത്തിലൂടെ ക്ഷേത്രത്തിന് തറക്കല്ലിടാന്‍ അനുവാദം കൊടുത്തത് കോണ്‍ഗ്രസ്സാണ്. കര്‍സേവയിലൂടെ അതൊരു മണ്ഡപമാക്കാന്‍ അനുവാദം കൊടുത്തതും കോണ്‍ഗ്രസ്സ്. ഇതിന്റെയൊക്കെ സ്വാഭാവികപരിണിതിയെന്ന നിലയില്‍ സംഘപരിവാര്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തു തരിപ്പണമാക്കിയപ്പോള്‍ കര്‍മരാഹിത്യത്തിലൂടെ മൗനം ആചരിച്ച് അത് അനുവദിച്ചു കൊടുത്തതും കോണ്‍ഗ്രസ്സ് തന്നെ.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷത അത് മതനിരപേക്ഷ സ്വഭാവത്തെ മുറുകെപിടിക്കുന്നു എന്നത് തന്നെയാണ്. ഉന്നതമായ മാനവിക മൂല്യങ്ങളെ ഉയര്‍ത്തി പിടിച്ചുകൊണ്ടാണ് വിവിധ ജനവിഭാഗങ്ങളുടെ യോജിച്ചുള്ള പ്രക്ഷോഭങ്ങളിലൂടെ ഇന്ത്യന്‍ ജനത വൈദേശിക ആധിപത്യത്തിനെതിരെ പോരാടിയതും അതിനെ തറപറ്റിച്ചതും. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വര്‍ഗ്ഗീയ ആധിപത്യത്തിനെതിരെ പൊരുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് നമ്മുടെ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും സംരക്ഷിക്കേണ്ടതിനു ഒഴിച്ചുകൂടാനാവാത്തനാണ്. ബാബരി മസ്ജിദ് ധ്വംസനം കേവലം ഒരു പള്ളി പൊളിക്കലല്ല- ഗാന്ധി വധം പോലെ രാജ്യത്തെ അഗാധമായി മുറിവേല്‍പ്പിച്ച, താരതമ്യമില്ലാത്ത കുറ്റകൃത്യമാണ്.
കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ നിയമപരമായ തുടര്‍ നടപടികള്‍ക്ക് അന്വേഷണ ഏജന്‍സിയായ സിബിഐക്കും കേന്ദ്ര സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്. അത് അവര്‍ നിറവേറ്റണം. അതില്‍ നിന്ന് ഒഴിഞ്ഞു മാറി ജനാധിപത്യത്തെയും മത നിരപേക്ഷതയെയറ്റും കൂടുതല്‍ മുറിവേല്‍പ്പിക്കരുത് – പിണറായി വിജയന്‍ പറഞ്ഞു.