തിരുവനന്തപുരം: കേരളത്തെക്കുറിച്ചുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പിണറായിയുടെ മറുപടി. ‘യുപി കേരളമായി മാറിയാല്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ലഭിക്കും. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആളുകള്‍ കൊല്ലപ്പെടാത്ത യോജിപ്പുള്ള ഒരു സമൂഹമായി യുപിയും മാറും. കേരളം പോലെ ആകണമെന്നാണ് യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അങ്ങനെ സംഭവിക്കുമോ എന്ന ഭയമാണ് യോഗിക്കുള്ളത്’- പിണറായി ട്വീറ്റില്‍ വ്യക്തമാക്കി.
വോട്ടര്‍മാര്‍ക്ക് പിഴവ് പറ്റിയാല്‍ ഉത്തര്‍പ്രദേശ്, കശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്നായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം. യുപിയില്‍ ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് യോഗിയുടെ വിവാദ പ്രസ്താവന.ഭയരഹിതമായി ജീവിക്കാന്‍ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യണമെന്നും യോഗി ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശ് ബിജെപിയാണ് യോഗിയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷം സംസ്ഥാനത്ത് പല അദ്ഭുതങ്ങളും നടന്നുവെന്നും എന്തെങ്കിലും പിഴവ് നിങ്ങള്‍ക്കു സംഭവിച്ചാല്‍ ഈ അഞ്ചു വര്‍ഷത്തെ പ്രയത്‌നവും വൃഥാവിലാകുമെന്നും യോഗി പറഞ്ഞു. ‘എന്റെ അഞ്ച് വര്‍ഷത്തെ പരിശ്രമത്തിനുള്ള അനുഗ്രഹമാകും നിങ്ങളുടെ വോട്ട്.
തീരുമാനമെടുക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ യുപി, കശ്മീരോ കേരളമോ ബംഗാളോ പോലെ ആയി മാറും. ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ പ്രതിബദ്ധതയോടെയും ആത്മാര്‍ഥതയോടെയുമാണ് പ്രവര്‍ത്തിച്ചത്. നിങ്ങള്‍ക്കത് കാണാനും അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ട്’- യോഗി പറഞ്ഞു.