തിരുവനന്തപുരം:മുസ്ലീം ലീഗ് എംഎല്‍എ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ഏ ആര്‍ നഗര്‍ സഹകരണ ബാങ്ക് അഴിമതി ആരോപണത്തില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ ഡി അന്വേഷിക്കണമെന്ന ആവശ്യം സാധാരണ നിലയിൽ ഉന്നയിക്കാൻ പാടില്ലാത്ത ആവശ്യമാണ്. സഹകര മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സര്‍ക്കാറിന്റെ പരിധിയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കെ ടി ജലീലിനെ ഇഡി കുറേ ചോദ്യം ചെയ്തതിന് ശേഷം അദ്ദേഹത്തിന് ഇഡിയോടുള്ള വിശ്വാസം കൂടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലീല്‍ ഉന്നയിച്ച വിഷയം സഹകരണ വകുപ്പ് പരിശോധിച്ചതും നടപടിയെടുത്തിട്ടുള്ളതുമാണ്. കോടതി സ്‌റ്റേയുള്ളതിനാലാണ് കൂടുതല്‍ നടപടിയില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. ഏ ആര്‍ നഗര്‍ സഹകരണ ബാങ്കിലാണ് കുഞ്ഞാലിക്കുട്ടിയും അടുപ്പക്കാരും തിരിമറി നടത്തിയെന്ന് ജലീല്‍ ആരോപിച്ചത്. ഇഡിക്ക് നല്‍കിയ മൊഴിയിലാണ് ജലീല്‍ ഇക്കാര്യം പറഞ്ഞത്. അതിന് ശേഷം വാര്‍ത്താ സമ്മേളനത്തിലും ജലീല്‍ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.
എ.ആർ നഗർ സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടിനെ കുറിച്ച് കൂടുതൽ ആരോപണങ്ങളുമായി എംഎൽഎ കെ.ടി ജലീൽ രംഗത്തെത്തിയിരുന്നു.1021 കോടി രൂപയുടെ ക്രമക്കേടും കള്ളപ്പണ ഇടപാടുകളുമാണ് ബാങ്കിൽ നടന്നതെന്ന് ജലീൽ ആരോപിച്ചു. ഈ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ പി.കെ കുഞ്ഞാലിക്കുട്ടിയും ബാങ്കിലെ സെക്രട്ടറിയും കുഞ്ഞാലിക്കുട്ടിയുടെ അനുയായിയുമായ ഹരികുമാറുമാണെന്ന് കെ.ടി ജലീൽ ആരോപിച്ചു.
കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കെടി ജലീൽ ഉന്നയിച്ചത്. കേരളത്തിലെ സ്വിസ് ബാങ്കാക്കി കുഞ്ഞാലിക്കുട്ടി എആർ നഗർ ബാങ്കിനെ മാറ്റി. ബാങ്കിൽ 862 വ്യാജ അക്കൗണ്ടുകളുണ്ടായിരുന്നു. ഈ അക്കൗണ്ടുകൾ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി വ്യാജമായി ഉണ്ടാക്കിയതാണ്. കുഞ്ഞാലിക്കുട്ടി വ്യവസായിയല്ല. അദ്ദേഹം ഭൂസ്വത്തുകൾ വിറ്റിട്ടില്ല. പിന്നെങ്ങനെയാണ് ഇത്ര വലിയ പണമിടപാടുകൾ നടത്തിയതെന്നും ജലീൽ ചോദിച്ചു. ബാങ്കിനുണ്ടായ നഷ്ടം കുഞ്ഞാലിക്കുട്ടിയിൽ നിന്നും ഈടാക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു.
2012-13 കാലഘട്ടത്തിൽ രണ്ടര കോടിയുടെ അഴിമതി നടന്നു. കള്ളപ്പണം ടൈറ്റാനിയം അഴിമതിയിൽ നിന്നെന്ന് സംശയമുണ്ട്. കസ്റ്റമർ ഐ ഡി യിലെ വിവരങ്ങൾ ഹരികുമാർ തിരുത്തിയിട്ടുണ്ടെന്നും കെടി ജലീൽ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ മകൻ 3 കോടി രൂപ വിദേശത്തു നിന്നു നിക്ഷേപം നടത്തിയത് ഹവാല ഇടപാടാണ്. മുസ്ലീം ലീഗിന്റെ മുതിർന്ന നേതാക്കൾക്ക് ബാങ്കിൽ നിക്ഷേപവും വായ്പയും ഉണ്ടെന്നും 50,000ത്തോളം പേരെ ഇവർ വഞ്ചിച്ചെന്നും ജലീൽ കൂട്ടിച്ചേർത്തു.