തിരുവനന്തപുരം: ”പിണറായി ഭരണം കരുത്തുറ്റ ഭരണമായി
ഭൂലോകമെമ്പാടും കേളി കൊട്ടി,
മാലോകരെല്ലാരും വാഴ്ത്തിപ്പാടി.
ഇന്നീ കേരളം ഭരിച്ചീടും പിണറായി വിജയനെന്ന.
സഖാവിന് നൂറുകോടി അഭിവാദ്യങ്ങൾ.
ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ
പിണറായി വിജയനെന്ന സഖാവ് തന്നെ.
എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം
അടിപതറാതെ പോരാടിയ ധീര സഖാവാണ്”
സി.പി.എം. തിരുവനന്തപുരം ജില്ലാസമ്മേളനത്തിന് മുന്നോടിയായി നടത്തിയ മെഗാ തിരുവാതിരയ്ക്കായി എഴുതിയ പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള വരികളാണിവ.
വ്യക്തിപൂജ പാടില്ലെന്ന് വി.എസ്. അച്യുതാനന്ദന്റെയും പി. ജയരാജന്റെയും കാര്യത്തിൽ പാർട്ടി എടുത്തനിലപാടിന് വിരുദ്ധമാണ് വരികൾ.
കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് തിരുവാതിരക്കളിക്കായി 550-ഓളം പേരെ പങ്കെടുപ്പിച്ചതും വിവാദത്തിലായിട്ടുണ്ട്. പി.ബി. അംഗം എം.എ. ബേബി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വി.ആർ. സലൂജയുടെ നേതൃത്വത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ പാറശ്ശാല ഏരിയാകമ്മിറ്റിയാണ് തിരുവാതിരക്കളി അവതരിപ്പിച്ചത്.
ഇ.എം.എസ്., എ.കെ.ജി., ഇ.കെ. നായനാർ, വി.എസ്. അച്യുതാനനന്ദൻ തുടങ്ങിയ നേതാക്കളുടെ പേരുകളും പാട്ടിൽ പരാമർശിക്കുന്നുണ്ട്.
പി. ജയരാജനെ നാടിന്റെ നായകനായി ഉയർത്തിക്കാണിച്ചുകൊണ്ടുള്ള പാട്ടും സാമൂഹികമാധ്യമങ്ങളിലെ പി.ജെ. ആർമി എന്ന കൂട്ടായ്മയും വ്യക്തിപൂജയാണെന്ന് ചൂണ്ടിക്കാട്ടി പാർട്ടി കർശനമായി രംഗത്തെത്തിയിരുന്നതാണ്.
കുത്തേറ്റുമരിച്ച എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജിന്റെ വിലാപയാത്രയും സംസ്കാരവും നടക്കുന്ന ദിവസം പി.ബി. അംഗത്തിന്റെ സാന്നിധ്യത്തിൽ മെഗാ തിരുവാതിരക്കളി നടത്തിയതിലും പാർട്ടി കൂട്ടായ്മകൾക്കുള്ളിൽ വിമർശനമുയർന്നിട്ടുണ്ട്.
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മെഗാ തിരുവാതിരക്കെതിരേ കേസ്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് 550-ലേറെ പേരാണ് മെഗാ തിരുവാതിരയിൽ പങ്കെടുത്തത്. ഇതിനെതിരേ വലിയ വിമർശനം ഉയർന്നതിന് പിന്നാലെ, പാറശ്ശാല പോലീസാണ് കേസെടുത്തിരിക്കുന്നത്. 500-ൽ അധികം പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
കോവിഡ് വ്യാപന സാഹചര്യത്തിൽ പൊതുപരിപാടിയിൽ 150 പേരിൽ കൂടരുതെന്ന സർക്കാർ നിയന്ത്രണം നിലനിൽക്കേയാണ് ഇത്രയധികം പേർ പങ്കെടുത്ത മെഗാ തിരുവാതിര നടന്നത്. മരണാനന്തര, വിവാഹ ചടങ്ങുകളിൽ 50 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളുവെന്ന ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് 550 പേർ അണിനിരന്ന തിരുവാതിര നടന്നത്.
ജനാധിപത്യ മഹിള അസോസിയേഷൻ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറശ്ശാലയിലെ ചെറുവാരക്കോണം സിഎസ്ഐ പള്ളി മൈതാനത്തായിരുന്നു പരിപാടി. ജില്ലാ പഞ്ചായത്ത് അംഗം സലൂജയുടെ നേതൃത്വത്തിലായിരുന്നു തിരുവാതിര. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ.രതീന്ദ്രൻ, പുത്തൻകട വിജയൻ എന്നിവർ അടക്കമുള്ള നേതാക്കളും പരിപാടിക്ക് എത്തിയിരുന്നു