KeralaNews

മലയാളി എന്ന നിലയിൽ അഭിമാനമെന്ന്‌ മോഹൻലാൽ,അഭിവാദ്യം ചെയ്ത് പിണറായി

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023 പരിപാടിക്ക് ആശംസകളുമായി മോഹൻലാൽ‌. മലയാളി എന്ന നിലയിൽ രണ്ട് കാര്യങ്ങളിലാണ് തനിക്ക് ഏറ്റവും കൂടുതൽ അഭിമാനം തോന്നിയിട്ടുള്ളതെന്ന് മോ​ഹൻലാൽ പറഞ്ഞു. ആശംസാ വീഡിയോയിൽ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ലോകത്ത് എവിടെ ചെന്നാലും കേരളത്തെ അറിയുക വിദ്യാഭ്യാസത്തിന്റെയും ആരോ​ഗ്യത്തിന്റെയും പേരിലാണ്. അത് മലയാളികൾക്ക് മാത്രം അവകാശപ്പെട്ടതാണ്. മലയാളിയായതിലും കേരളത്തിൽ ജനിച്ചതിലും താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘മലയാളി എന്ന നിലയിൽ രണ്ട് കാര്യങ്ങളിലാണ് ഏറ്റവും കൂടുതൽ അഭിമാനം തോന്നിയിട്ടുള്ളത്. ലോകത്ത് എവിടെ ചെന്നാലും കേരളത്തെ അറിയുക, വിദ്യാഭ്യാസത്തിന്റെയും ആരോ​ഗ്യത്തിന്റെയും പേരിൽ ആണ്. അത് മലയാളികൾക്ക് മാത്രം അവകാശപ്പെട്ടതാണ്. ലോകത്തെവിടേയും നിർണായക സ്ഥാനങ്ങളിൽ മലയാളികൾ ഉണ്ടാകും. ഞാൻ പ്രവർത്തിക്കുന്നത് മലയാള സിനിമയിലാണെന്നതിലും അഭിമാനമുണ്ട്.

കാരണം, ഇന്ത്യയിൽ മറ്റ് ഭാഷാ സിനിമാക്കാർ ഉറ്റുനോക്കുന്ന സിനിമകളാണ് നമ്മുടേത്. മറ്റ് ഭാഷകളിൽ പോകുമ്പോൾ അറിയാം അവർ നമുക്ക് തരുന്ന ബഹുമാനം. എക്കാലത്തേയും മികച്ച എഴുത്തുകാരേയും സംവിധായകരേയും അഭിനേതാക്കളേയും സാങ്കേതിക വിദ​ഗ്ധരേയും കേരളം സമ്മാനിച്ചിട്ടുണ്ട്.

രാജ്യത്തേ ആദ്യ ത്രിഡി സിനിമയും ചലച്ചിത്ര അക്കാദമിയും ഉണ്ടായത് കേരളത്തിലാണ്. പ്രേക്ഷകർ എന്ന നിലയിലും നമ്മൾ സിനിമയെ വളരെ ക്രിട്ടിക്കലായി കാണുന്നവരാണ്. മലയാള സിനിമയ്ക്ക് ഇത്രത്തോളം പ്രാധാന്യം കിട്ടാൻ കാരണം ​ഗ്രന്ധശാല പ്രസ്ഥാനം പോലുള്ള ആഴത്തിൽ വേരോട്ടമുള്ള ഫിലിം സൊസൈറ്റി പ്രസ്ഥാനമാണ്. മലയാളി ആയതിൽ ഞാൻ അഭിമാനിക്കുന്നു, കേരളത്തിൽ ജനിച്ചതിലും. ഈ കേരള പിറവിക്ക് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയത്തിന് മലയാളിയെന്ന നിലയ്ക്ക് എല്ലാവിധ ആശംസകളും മോഹൻ ലാൽ പറഞ്ഞു.

മോഹൻലാലിന്റെ ആശംസയക്ക് പിന്നാലെ അദ്ദേഹത്തിന് അഭിവാദ്യം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചു. കേരളത്തിന്റെ സാംസ്‌കാരികത്തനിമയെയും കൈവരിച്ച സാമൂഹിക പുരോഗതിയെയും അടയാളപ്പെടുത്തുന്ന ‘കേരളീയ’ത്തിന് അകമഴിഞ്ഞ പിന്തുണ നൽകിയ മലയാളികളുടെ പ്രിയനടൻ മോഹൻലാലിന് അഭിവാദ്യങ്ങൾ.

തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷ, പൊതുപരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഒരു സമൂഹമെന്ന നിലയിൽ നാമാർജിച്ച നേട്ടങ്ങളെ ലോകത്തിന് മുന്നിലവതരിപ്പിക്കാനും സമൃദ്ധി നിറഞ്ഞ നവകേരളമെന്ന ലക്ഷ്യത്തിലേക്കുള്ള ഭാവിപദ്ധതികളെ പറ്റി സംവദിക്കാനും ‘കേരളീയം’ വഴിയൊരുക്കും, മുഖ്യമന്ത്രി കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button