News

എ.സമ്പത്ത് എന്തുകൊണ്ട് കേരളത്തില്‍ തങ്ങി? കാരണം വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി എ സമ്പത്തിനെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് കാരണം ഇത്രയും കാലം എല്ലാം അടച്ചിടുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കി സമ്പത്ത് തിരുവനന്തപുരത്തേക്ക് എത്തിയതാണെന്ന ധാരണയൊന്നും തനിക്കില്ല, സമ്പത്തിന് ദിവ്യജ്ഞാനമുണ്ടെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘അദ്ദേഹത്തിന് ദിവ്യജ്ഞാനമുണ്ടെന്ന് ഞാന്‍ ഇതുവരെ മനസ്സിലാക്കിയിട്ടില്ല. അങ്ങനെയൊരു ദിവ്യത്തം ഇപ്പോള്‍ സമ്പത്തിനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇങ്ങനെയൊക്കെയാണ് സംഭവിക്കാന്‍ പോവുന്നത്, ഇത്ര ദിവസം പോയിട്ടിങ്ങനെ ആളുകളെയെല്ലാം തളച്ചിടും എന്നും അപ്പോള്‍ ഞാന്‍ വേഗം തിരുവനന്തപുരത്ത് എത്തിക്കളയാം എന്നെും മനസ്സിലാക്കി ഇങ്ങ് വന്നതാണ് എന്ന ധാരണയൊന്നും എനിക്കില്ല.’ – മുഖ്യമന്ത്രി പറഞ്ഞു.

‘കോവിഡ് പലരെയും പല സ്ഥലത്താക്കിയിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്തെ രണ്ട് എസിഎസുമാര്‍ (അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍) ഇപ്പോള്‍ തിരുവനന്തപുരത്തില്ല. അതിന് അവരെ കുറ്റം പറയാന്‍ പറ്റുമോ. അവര്‍ ഡെല്‍ഹിയില്‍ കടുങ്ങി കിടക്കുകയാണ്. അത് സ്വാഭാവികമാണ്. എവിടെയാണോ കുടുങ്ങിയത് അവിടെ തുടരും എന്നുള്ളതാണ് കോവിഡിന്റെ അവസ്ഥ. അതൊരു പ്രത്യേക പ്രശ്‌നമായി കാണേണ്ടതില്ല.’- മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടേണ്ട വിഷയങ്ങളില്‍ സംസ്ഥാനത്തിനെ പ്രതിനീധികരിച്ച് നേരിട്ട് ഇടപെടുന്നതിനായാണ് ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി മുന്‍ എംപി സമ്പത്തിനെ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രിച്ചത്. എന്നാല്‍ കോവിഡ് രോഗവ്യാപനത്തിന്റെ സമയത്ത് തിരുവനന്തപുരത്തെത്തിയ സമ്പത്ത് ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ഥികളും നഴ്‌സുമാരും അടക്കമുള്ളവരെ തിരിച്ചെത്തിക്കുന്ന വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ ട്രെയിനില്‍ തന്നെ തിരിച്ചെത്തും
അതേസമയം, ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളും മറ്റുള്ളവരും ട്രെയിനില്‍ തന്നെ തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ക്ക് ട്രെയിന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ത്വരത ഗതിയില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ തിരിച്ചയക്കാന്‍ ട്രെയിനുകളോടിയിട്ടും ഇതര സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികളെ തിരിച്ചെത്തിക്കാന്‍ ട്രെയിന്‍ ഓടിയില്ലെന്ന് പ്രതിപക്ഷ കക്ഷി നേതാക്കള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഈ വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

‘ഇവിടെ നമ്മുടെ ട്രെയിനുകളുടെ കാര്യത്തില്‍, ഈ അതിഥി തൊഴിലാളികളെന്നു പറയുന്നവര്‍ കൂട്ടമായി നില്‍ക്കുകയായിരുന്നു. അപ്പോള്‍ അവര്‍ക്ക് വേറെ യാതൊരു വഴിയുമില്ല, താമസിക്കാനൊരു സ്ഥലമില്ല. നമ്മള്‍ ഇവിടെ താമസം ഏര്‍പ്പാടാക്കിയിരുന്നു. ഭക്ഷണം ലഭ്യമാക്കിയിരുന്നു. അങ്ങനെ ഒരു പ്രശ്‌നമില്ലാതെ ഇവിടെ കഴിഞ്ഞു. എന്നാല്‍ മറ്റു പലിടത്തും അങ്ങനെയല്ല.’ -മുഖ്യമന്ത്രി പറഞ്ഞു.

കേരളമാണ് അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ട്രെയിന്‍ വേണമെന്ന് ആവശ്യപ്പെട്ടതെന്ന് പറഞ്ഞ മുഖ്യമന്ത്രി അതിഥി തൊഴിലാളികളുടെ അവസ്ഥയിലാണ് മറ്റു സംസ്ഥാനങ്ങളിലെ മലയാളികളെന്ന് കാണരുതെന്നും പറഞ്ഞു. ‘ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള ട്രെയിന്‍ വേണമെന്ന് ആദ്യം ആവശ്യപ്പെടുന്നത്. അത് പൊതു ആവശ്യമായി പിന്നീട് ഉയര്‍ന്നു. അത് ഒരു ഗതിയുമില്ലാത്തവരെ നാട്ടിലയക്കുന്നതിനാണ്. അങ്ങനെ ഒരുപാടു പേരുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായി. ആ ഗണത്തിലുള്ളവരാണ് മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളെന്ന് കാണരുത്. അവര്‍ പലരും പലയിടത്തായി താമസിക്കുന്നവരാണ്. അവര്‍ക്ക് പലര്‍ക്കും സ്വന്തം വീടുകളുണ്ട്. സ്വന്തം ജോലിയുണ്ട്. അതിന്റെ ഭാഗമായി നില്‍ക്കുന്നവരാണ്. അങ്ങനെയുള്ളവര്‍ ഇത്തരമൊരു ഘട്ടത്തില്‍ നാട്ടിലേക്ക് വരാനാഗ്രഹിക്കും. അതിന്റെ ഭാഗമായുള്ള സൗകര്യങ്ങളാണ് ഇപ്പോള്‍ ലഭ്യമാക്കി വരുന്നത്.’- മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

അതേ സമയം, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് ഇന്ന് അനുമതി ലഭിച്ചു. എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസിനിനാണ് റെയില്‍വേ അനുമതി നല്‍കിയത്. അതില്‍ ബാംഗ്ലൂര്‍-തിരുവനന്തപുരം ഐലന്‍ഡ് എക്‌സപ്രസ് ദിവസേന സര്‍വീസ് നടത്തും. മേയ് 18 മുതല്‍ ജൂണ്‍ 14 വരെ കേരളത്തില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് 28 ട്രെയിനുകള്‍ സര്‍വീസ് നടത്തും.

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. വയനാട് ജില്ലയില്‍ അഞ്ച് പേര്‍ക്കും മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചപ്പോള്‍ ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതമാണ് രോഗം. കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ആര്‍ക്കും രോഗം ഭേദമായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button