കോഴിക്കോട്: അടുത്ത വർഷം നടകുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പിണറായി മന്ത്രിസഭയിൽ അഴിച്ചു പണിയെന്ന് റിപ്പോർട്ട്.മന്ത്രിസഭയിലെ സീനിയർ സി.പി.എം മന്ത്രിമാരെ മാറ്റി യുവാക്കളെ രംഗത്തിറക്കി സർക്കാരിന്റെ പ്രതിഛായ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി
എ.സി.മൊയ്തീനും എക്സൈസ് മന്ത്രി
ടി.പി.രാമകൃഷ്ണനും മന്ത്രിസഭയിൽ നിന്ന്
പുറത്ത് പോയേക്കുമെന്നാണ് റിപ്പോർട്ടുകൾ.മൂന്ന് മുതൽ അഞ്ച് പുതുമുഖങ്ങളെ മന്ത്രിസഭയിൽ എത്തിക്കാനാണ് മുഖ്യമന്ത്രി
പിണറായി വിജയൻ ഒരുങ്ങുന്നതെന്നാണ് സൂചന. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ
മന്ത്രിസഭയിലെത്തിയേക്കും. പകരം മുതിർന്ന അംഗങ്ങളായ സുരേഷ് കുറുപ്പോ രാജു എബ്രഹാമോ സ്പീക്കർ ആവും.
മികച്ച പ്രകടനം നടത്തുന്ന വനിതാ മന്ത്രിമാരായ കെ.കെ.ശൈലജയും ജെ.മേഴ്സിക്കുട്ടിയമ്മയും സ്ഥാനത്ത് തുടരും.കൂടാതെ ഒരു വനിതാ മന്ത്രിയെ കൂടി ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.
കൊട്ടാരക്കര എംഎൽഎ ആയിഷാ
പോറ്റിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് സാധ്യത. ഇതോടെ സംസ്ഥാനത്ത മന്ത്രിമാരുടെ എണ്ണം 20-ൽ നിന്ന് 21 ആയി ഉയരും.
ധനമന്ത്രി തോമസ് ഐസക്, വൈദ്യുതി
മന്ത്രി എം.എം.മണി, വിദ്യാഭ്യാസ മന്ത്രി
സി.രവീന്ദ്രനാഥ്, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ തുടങ്ങിയവർ സ്ഥാനത്ത്
തന്നെ തുടരും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനും അഞ്ച് വർഷം
പൂർത്തിയാക്കും.
ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ നീക്കാനുള്ള സാധ്യത കൂടുതലാണ്. ആർ ബാലകൃഷ്ണപിള്ളയുടെ നിരന്തര
ആവശ്യം പരിഗണിച്ച് കെ.ബി.ഗണേഷ്
കുമാറിന് മന്ത്രിപദം നൽകുമെന്ന
റിപ്പോർട്ടുകളുമുണ്ട്. ഇതിലൂടെ
സർക്കാരുമായി അകന്ന് നിൽക്കുന്ന
എൻഎസ്എസിനെ ഒപ്പം നിർത്താമെന്നും കണക്കുകൂട്ടുന്നു. യുവജന പ്രതിനിധികളായി എം സ്വരാജും എ.എൻ. ഷംസീറും മന്ത്രിസഭയിലെത്തിയേക്കും.