കോട്ടയത്ത് എം സി റോഡിൽ മണിപ്പുഴയിൽ വാഹനാപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

കോട്ടയം: എം സി റോഡിൽ മണിപ്പുഴയിൽ വാഹനാപകടം, ദമ്പതികൾക്ക് ദാരുണാന്ത്യം.ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചാണ് ദമ്പതികൾ മരിച്ചത്.

കോട്ടയം മൂലവട്ടം പുത്തൻപറമ്പിൽ മനോജ് പി എസ് (49), ഭാര്യ പ്രസന്ന എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ കോട്ടയം മണിപ്പുഴ സിവിൽ സപ്ലൈസ് കോർപ്പറേഷൻ പമ്പിനു സമീപമായിരുന്നു അപകടം.

മനോജിന്റെ മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിലും ഭാര്യയുടേത് മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ്.പമ്പിൽ പെട്രോൾ അടിച്ച ശേഷം ഇവർ സ്‌കൂട്ടറിൽ റോഡിലേയ്ക്കു പ്രവേശിക്കുമ്പോൾ എതിർ ദിശയിൽ നിന്നും അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാൻ ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ രണ്ടു പേരും ഉടൻ തന്നെ റോഡിലേയ്ക്ക് തെറിച്ച് വീണു.ഇതു വഴി എത്തിയ ആംബുലൻസിൽ രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

അപകടത്തെ തുടർന്ന് എം സി റോഡിൽ അരമണിക്കൂറോളം ഗതാഗതവും തടസപ്പെടുത്തു.സംഭവം അറിഞ്ഞ് ചിങ്ങവനം പൊലീസും അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News