കൊച്ചി:മരുഭൂമിയായി കിടന്ന പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളുടെ ഗതിമാറ്റിയത് പെട്രോളിയം സാന്നിധ്യം കണ്ട് പിടിച്ചതായിരുന്നു. പെട്രോളിയ കണ്ടുപിടുത്തത്തോടെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ എല്ലാം തന്നെ വലിയ തോതില്‍ വികസിക്കുക മാത്രമല്ല, അതിന്റെ ഗുണം കേരളം ഉള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും എത്തുകയും ചെയ്തു. പശ്ചിമേഷ്യല്‍ രാഷ്ട്രങ്ങള്‍ മാത്രമല്ല, വെനസ്വേല, റഷ്യ, അമേരിക്ക തുടങ്ങിയ പല രാജ്യങ്ങളുടേയും പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്ന് എണ്ണ കയറ്റുമതിയാണ്.
ഇന്ത്യയെ സംബന്ധിച്ചാണെങ്കില്‍ ആവശ്യമായതിന്റെ 85 ശതമാനത്തിലേറെയും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. റഷ്യയും പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളുമാണ് പ്രധാന ഇറക്കുമതിക്കാർ. ആസാം, ഗുജറാത്ത് തുടങ്ങിയ ഏതാനും മേഖലകളിലാണ് ഇന്ത്യയില്‍ പെട്രോളിയം ഖനനം നടക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ മറ്റൊരു സ്ഥലത്ത് കൂടി പെട്രോളിയം ഖനനം നടത്താനുള്ള സാധ്യതയുണ്ടോയെന്ന പരിശോധനകള്‍ നടക്കുകയാണ്. അതും നമ്മുടെ കൊച്ച് കേരളത്തില്‍.
കേരള -കൊങ്കൺ മേഖലയിൽ ഓഫ്ഷോർ എണ്ണ, വാതക പര്യവേഷണം പുനഃരാരംഭിക്കുമെന്നാണ് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേൻ (ഒഎന്‍ജിസി) അറിയിക്കുന്നത്. മൂന്നു വർഷത്തിനകം പര്യവേഷണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് പര്യവേഷണവിഭാഗം ഡയറക്ടർ സുഷമ റാവത്തിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
കൊച്ചി, കൊല്ലം മേഖലകളിലുൾപ്പെടെ 19 ഇടങ്ങളില്‍ നേരത്തെ പര്യവേക്ഷണം നടന്നിരുന്നു. കടലിന്റെ അടിത്തട്ടിൽ നിന്ന് ഇരുപതിനായിരം മീറ്റർ ആഴത്തിൽ വരെ പര്യവേഷണം നടത്തി. ഓയിൽ ഇന്ത്യ ലിമിറ്റഡ് കൊല്ലത്ത് കുഴിച്ച എണ്ണക്കിണറിൽ എണ്ണ സാന്നിദ്ധ്യത്തിന്റെ സൂചനകൾ ലഭിച്ചെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. കൊടുങ്ങല്ലൂരിന് സമീപം സി എച്ച് വൺ വൺ എന്ന കിണർ എണ്ണയുടെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിയാത്തതിനാൽ ഉപേക്ഷിച്ചിക്കുകയും ചെയ്തിരുന്നു.
നിരവധി ശാസ്ത്രീയ പരിശോധനകള്‍ നടത്തി വിശകലനം ചെയ്തുവേണം ഇക്കാര്യത്തില്‍ മുന്നോട്ട് പോകാന്‍. കേരളത്തിന് പുറമെ മുംബയ്, കാവേരി, ത്രിപുര, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലും പര്യവേഷണം തുടരുകയാണ്. കൂടുതൽ ആഴത്തിൽ പര്യവേഷണം നടത്തുന്നതിനുള്ള ഉയർന്ന ചെലവ്, ലാഭകരമായി ഖനനം ചെയ്യാനുള്ള സാധ്യത കുറവ്, അത്യാധുനിക സാങ്കേതികവിദ്യകളുടെ അഭാവം എന്നിവയാണ് പ്രധാന വെല്ലുവിളികളെന്നും സുഷമ റാവത്ത് കൂട്ടിച്ചേർക്കുന്നു.