തിരുവനന്തപുരം: പെട്രോള്‍ പമ്പുകള്‍ക്ക് നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 31 ഞായറാഴ്ച രാത്രി എട്ടുമണി മുതല്‍ ജനുവരി ഒന്ന് പുലര്‍ച്ചെ 6 വരെ പമ്പുകള്‍ അടച്ചിടും. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ മാര്‍ച്ച് മുതല്‍ രാത്രി 10 മണിവരെ മാത്രമേ പമ്പുകള്‍ പ്രവര്‍ത്തിക്കൂവെന്നും ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികള്‍ വ്യക്തമാക്കി,
ആശുപത്രികളില്‍ നടക്കുന്ന അക്രമണങ്ങളില്‍ നിന്ന് ജീവനക്കാരെ സംരക്ഷിക്കാനായി സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയതിനു സമാനമായി പമ്പുകളെ സംരക്ഷിക്കാനും നിയമനിര്‍മാണം വേണമെന്നാണ് സംഘടനയുടെ ആവശ്യം. പമ്പുകളില്‍ ഗുണ്ടാ ആക്രമണവും മോഷണവും പതിവാണെന്ന് സംഘടന വ്യക്തമാക്കി. കുപ്പികളില്‍ ഇന്ധനം നല്‍കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെ രാത്രിയില്‍ കുപ്പിയില്‍ ഇന്ധനം വാങ്ങാന്‍ ചിലരെത്താറുണ്ടെന്നും ഇന്ധനം നല്‍കാന്‍ വിസമ്മതിക്കുമ്പോള്‍ ഇവര്‍ പ്രശ്‌നമുണ്ടാക്കുന്നത് പതിവാണെന്നും സംഘടന പറഞ്ഞു.
സ്വകാര്യ പമ്പുകള്‍ സൂചനാ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി.യുടെ ഉടമസ്ഥതയിലുള്ള 14 യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കോഴിക്കോട്, ഗുരുവായൂര്‍, തൃശ്ശൂര്‍, ചാലക്കുടി, പറവൂര്‍, മൂവാറ്റുപുഴ, മൂന്നാര്‍, മാവേലിക്കര, ചേര്‍ത്തല, പൊന്‍കുന്നം, ചടയമംഗലം, കിളിമാനൂര്‍, വികാസ്ഭവന്‍, ഈസ്റ്റ് ഫോര്‍ട്ട് എന്നിവിടങ്ങളിലാണ് യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുള്ളത്.