കാസര്‍ഗോഡ്: 50 രൂപയ്ക്ക് പെട്രോള്‍ കടം നല്‍കാത്തതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പ് അടിച്ചുതകര്‍ത്തു. കാസര്‍ഗോഡ് ജില്ലയിലെ ഉളിയത്തടുക്കയിലാണ് പെട്രോള്‍ പമ്പില്‍ ഗുണ്ടാ ആക്രമണം. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അര്‍ധരാത്രിയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഉളിയത്തടുക്കമധൂര്‍ റോഡിന് സമീപമുള്ള എ.കെ. സണ്‍സ് പെട്രോള്‍ പമ്പിലാണ് അക്രമിസംഘം അഴിഞ്ഞാടിയത്.
ആദ്യം ഇരുചക്രവാഹനത്തില്‍ എത്തിയ സംഘം 50 രൂപയ്ക്ക് പെട്രോള്‍ കടം ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതാണ് സംഘര്‍ഷങ്ങളുടെ കാരണം. രാത്രി ഒരുമണിക്ക് ശേഷം കൂടുതല്‍ ആളുകള്‍ എത്തുകയും പമ്പിലെ ഓയില്‍ റൂമും ഓഫിസ് റൂമും ജ്യൂസ് സെന്ററും അടിച്ചു തകര്‍ത്തു. പമ്പിലെ ജീവനക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.ക്യാബിനുകളിലെ മുഴുവന്‍ ചില്ലുകളും അടിച്ചു തകര്‍ത്തു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.
സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് മൂന്നുപേരെ പിടികൂടി. മറ്റുള്ളവരെയും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. പമ്പിന് സമീപം തന്നെ ഉള്ളവരാണ് പ്രതികളെന്ന് പമ്പ് ഉടമയും അറിയിച്ചിട്ടുണ്ട്. എട്ടുപേര്‍ക്കെതിരെയാണ് പരാതി.