കണ്ണൂർ; കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീൻ ബാബു പെട്രോൾ പമ്പ് അനുവദിക്കാൻ കൈക്കൂലി നൽകിയെന്ന ആരോപണവുമായി ഉടമ പ്രശാന്ത്. പെട്രോൾ പമ്പിന്റെ അനുമതിക്കായി എഡിഎമ്മിന് അപേക്ഷ നൽകിയെങ്കിലും ആറ് മാസത്തോളം ഫയൽ പഠിക്കട്ടെയെന്ന് പറഞ്ഞ് വൈകിപ്പിച്ചുവെന്നും പിന്നീട് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി പണം ആവശ്യപ്പെട്ടുവെന്നും പ്രശാന്ത് പറയുന്നു.
ഈ വിഷയത്തിൽ നേരത്തെ തന്നെ പി.പി ദിവ്യയോട് പരാതി പറഞ്ഞതിനാൽ കൈക്കൂലി വാങ്ങിയ കാര്യവും ദിവ്യയോട് പറഞ്ഞു എന്നും ദിവ്യ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ആവശ്യപ്പെട്ടെന്നും പ്രശാന്ത് പറയുന്നു. പരാതി നൽകിയതോടെ വിഷയം അവസാനിച്ചെന്നാണ് കരുതിയത്. ദിവ്യ ഒരു വേദിയിൽ ഇക്കാര്യം പറയുമെന്നോ ഇങ്ങനെ സംഭവിക്കും എന്നോ കരുതിയില്ലെന്നും പ്രശാന്ത് വ്യക്തമാക്കി.
ചേരന്മൂലെ നെടുവാലൂരിൽ പെട്രോൾ പമ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കൈക്കൂലി നൽകിയത്. പമ്പിന്റെ അനുമതിക്ക് വേണ്ടി നവീൻ ബാബുവിന് അപേക്ഷ നൽകിയെങ്കിലും ആറ് മാസത്തോളം ഫയൽ പഠിക്കട്ടെ എന്ന് പറഞ്ഞ് വൈകിപ്പിച്ചു. പിന്നീട് ഒക്ടോബർ ആറിന് അദ്ദേഹത്തിന്റെ താമസസ്ഥലത്തേക്ക് വിളിച്ച് വരുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. ബാങ്ക് ട്രാൻസ്ഫർ ചെയ്യാം എന്ന് പറഞ്ഞപ്പോൾ അത് അദ്ദേഹം വിലക്കി. ഗൂഗിൾ പേ വഴി അയക്കാം എന്ന് പറഞ്ഞപ്പോഴും സമ്മതിച്ചില്ലെന്ന് പ്രശാന്ത് പറയുന്നു.
അത്രയും പണം കയ്യിൽ ഇല്ല എന്ന് പറഞ്ഞപ്പോൾ രണ്ട് ദിവസത്തിനകം സംഘടിപ്പിച്ച് തന്നാൽ മതിയെന്ന് പറഞ്ഞു. കയ്യിൽ ഉള്ള പണവും മറ്റുള്ളവരിൽ നിന്നും വാങ്ങിയതും ചേർത്ത് 98500 രൂപ നവീൻ ബാബുവിന് ഒക്ടോബർ ആറിന് തന്നെ നൽകിയെന്നും പ്രശാന്ത് ആരോപിക്കുന്നു. അദ്ദേഹം ക്വാട്ടേഴ്‌സിലേക്ക് വിളിച്ച് വരുത്തിയതിന് ഉൾപ്പടെ ഫോൺ രേഖകൾ ഉണ്ട്.
എന്നാൽ പണം കൈമാറിയത് വീട്ടിനകത്ത് വെച്ചാണെന്നും ആ സമയത്ത് ഫോൺ വാഹനത്തിനകത്ത് ആയിരുന്നു എന്നും പണം കൈമാറിയതിന് തെളിവില്ലെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു. പണം കൊടുത്തില്ലെങ്കിൽ ഒരു കാരണവശാലും ഇത് കിട്ടില്ല അതിന് വേണ്ടത് ചെയ്‌തേ പോകൂ എന്ന് പറഞ്ഞ് അന്ന് ഭീഷണിപ്പെടുത്തി. ഒടുവിൽ പണം നൽകിയെന്നും പ്രശാന്ത് പറയുന്നു.