ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ–ഡീസൽ വില കൂട്ടി (Petrol, diesel prices hike). അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് നാല് മാസമായി ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. പെട്രോൾ ലീറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസൽ ലീറ്ററിന് 85 പൈസയും കൂട്ടി. തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ഇന്ധന വില (Fuel Price) കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായെങ്കിലും, ഫലം വന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞതിനു ശേഷമാണ് ഇപ്പോഴത്തെ വർധന.
ക്രൂഡ് ഓയില്‍ വിലയിലും വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 7 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രൂഡിന് 117 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വില.
പുതിയവില ഇങ്ങനെ
തിരുവനന്തപുരം: പെട്രോള്‍ – 107.31 ഡീസല്‍ – 94.41
കൊച്ചി: പെട്രോള്‍- 105.18 ഡീസല്‍-92.40
കോഴിക്കോട്: പെട്രോള്‍ -105.45 ഡീസല്‍ – 92.61
137 ദിവസം ‘അനക്കമില്ലാതിരുന്ന ഇന്ധനവിലയിലെ പുതിയ മാറ്റം മാർച്ച് 22നു രാവിലെ ആറു മുതൽ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷന്‍ ഡീലർമാരെ അറിയിച്ചു. ക്രൂഡ് ഓയിൽ വില ഒരുഘട്ടത്തില്‍ ഒരുബാരലിന് 130 ഡോളർ എന്ന റെക്കോർഡ് കടന്നിട്ടും ഇതുവരെ ഇന്ത്യയിൽ ഇന്ധനവില വർധിച്ചിരുന്നില്ല. റഷ്യ–യുക്രെയ്ൻ സംഘർഷവും ആഗോള എണ്ണ വിപണിയെ ബാധിച്ചിട്ടുണ്ട്.
2021 നവംബര്‍ 2നായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയിൽ വർധന വരുത്തിയത്.