കൊച്ചി: വധ ഗൂഢാലോചന കേസിലെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. ഉച്ചയ്ക്ക് 1.45-ന് ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് വിധി പറയുക. കേസ് റദ്ദാക്കണമെന്നും അല്ലെങ്കില്‍ സി.ബി.ഐ.യ്ക്ക് വിടണമെന്നുമാണ് ദിലീപിന്റെ ആവശ്യം.
വധ ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രോസിക്യൂഷന്‍ ഈ ആവശ്യത്തെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് ദിലീപിനെതിരായ വിവിധ ശബ്ദരേഖകളും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
അതേസമയം, കേസ് റദ്ദാക്കിയില്ലെങ്കില്‍ സി.ബി.ഐ.ക്ക് വിടണമെന്ന ശക്തമായ വാദമാണ് പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തിയത്. കേസ് സി.ബി.ഐ.യ്ക്ക് വിടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അന്വേഷണസംഘം ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പോലീസ് ദിലീപിനെതിരേ പുതിയ കേസും രജിസ്റ്റര്‍ ചെയ്തത്.