ബാലരാമപുരം:യജമാനൻ ഇനി തിരിച്ചുവരില്ലെന്നറിയാതെ ആഹാരംപോലും കഴിക്കാതെ കാത്തിരിക്കുകയാണ് രാജേഷിന്റെ വീട്ടിലെ വളർത്തുനായ. ചൊവ്വാഴ്ച ഇൻഫോസിസിനു സമീപം വാഹനാപകടത്തിൽ മരിച്ച രാജേഷും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത് താന്നിവിള മലവിള വീട്ടിൽ ഭാഗീരഥിയുടെ മകൻ സുധാകരന്റെ താന്നിവിളയിലെ തിരുവാതിര എന്ന വീട്ടിലാണ്.
രാജേഷ് താമസിച്ചിരുന്ന വീട്ടിൽ വളർത്തുനായ മാത്രമാണ് ഇപ്പോഴുള്ളത്. നാട്ടുകാർ ഭക്ഷണം നൽകിയെങ്കിലും യജമാനനെ കാണാനാകാത്ത വിഷമത്തിൽ നായ ഭക്ഷണം കഴിക്കുന്നില്ല.
രണ്ടുവർഷം മുമ്പാണ് രാജേഷും കുടുംബവും സുധാകരന്റെ വീട് വാടകയ്ക്കെടുത്തത്.
കഴക്കൂട്ടം ബൈപ്പാസിൽ റോഡപകടത്തിൽ മരിച്ച രാജേഷ് എസ്.മേനോന്റെയും മകൻ ഋത്വിക് രാജേഷിന്റെയും മൃതദേഹങ്ങൾ സ്വദേശമായ തൃശ്ശൂർ നെന്മണിക്കര പാഴായിയിലേക്കു കൊണ്ടുപോയി.
പനിയത്ത് എന്ന കുടുംബവീടിന്റെ വളപ്പിൽ വ്യാഴാഴ്ച ഉച്ചയോടെ ശവസംസ്കാരം നടക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് പോസ്റ്റ് മോർട്ടത്തിനുശേഷം ബുധനാഴ്ച ഉച്ചയ്ക്കാണ് മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തത്. അപകടത്തിൽ താടിയെല്ലിനു പരിക്കേറ്റ രാജേഷിന്റെ ഭാര്യ സുചിതയെ തുടർചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കുമാറ്റി.ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുപേരും സഞ്ചരിച്ച സ്കൂട്ടർ തമ്പുരാൻമുക്കിനും മുക്കോലയ്ക്കലിനുമിടയ്ക്ക് കെ.എസ്.ആർ.ടി.സി. ബസിന്റെ പിന്നിലിടിക്കുകയായിരുന്നു.