കറാച്ചി: പാകിസ്ഥാനിലെ പെഷവാറിലെ ഷിയാ പള്ളിയിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. പെഷവാറിലെ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ഉണ്ടായ ഭീകരാക്രമണത്തില്‍ 57 പേരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ 200 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പെഷവാറിലെ ക്വിസ ഖ്വാനി ബസാര്‍ ഏരിയയിലെ ജാമിയ മോസ്‌കില്‍ പ്രാര്‍ത്ഥനകള്‍ക്കിടെയായിരുന്നു ആക്രമണം. അഫഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഖൈബര്‍ പഷ്ത്തൂണ്‍ പ്രവിശ്യയ്ക്ക് സമീപമാണ് സ്‌ഫോടനമുണ്ടായ സ്ഥലം. സായുധരായ രണ്ട് അക്രമികള്‍ പള്ളിക്ക് പുറത്ത് പോലീസിന് നേരെ വെടിയുതിര്‍ത്തതോടെയാണ് ആക്രമണത്തിന് തുടക്കമിട്ടതെന്ന് പെഷവാര്‍ പോലീസ് മേധാവി പറഞ്ഞു. വെടിവയ്പില്‍ ഒരു പോലിസുകാരനും ഒരു അക്രമിയും കൊല്ലപ്പെട്ടു. മറ്റയാളാണ് പള്ളിയില്‍ സ്ഫോടനം നടത്തിയത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെള്ളിയാഴ്ച പെഷവാറിലെ പള്ളിക്ക് സമീപം രണ്ട് ഭീകരര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും, തുടര്‍ന്ന് അവരില്‍ ഒരാള്‍ കെട്ടിടത്തില്‍ പ്രവേശിച്ച് സ്ഫോടനം നടത്തികയും ചെയ്തു. ഷിയാ വിശ്വാസികളെ ലക്ഷ്യമിട്ട് നടത്തിയ ചാവേര്‍ സ്‌ഫോടനത്തെ പാകിസ്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ (എച്ച്ആര്‍സിപി) ശക്തമായി അപലപിച്ചു.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്ച ചാവേര്‍ സ്‌ഫോടനത്തെ അപലപിച്ചു. ”വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ പാകിസ്താനിലെ പെഷവാറിലെ പള്ളിയില്‍ നടന്ന ഭീകരാക്രമണത്തെ ഞാന്‍ അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് എന്റെ അനുശോചനം, പാകിസ്ഥാനിലെ ജനങ്ങളോടുള്ള എന്റെ ഐക്യദാര്‍ഢ്യം അറിയിക്കുന്നു” യുഎന്‍ മേധാവി ട്വീറ്റ് ചെയ്തു.