ബിവറേജസ് ഔട്ട്ലറ്റിന് സമീപം ‘ചാക്കിൽ കെട്ടിയ മൃതദേഹം’; എന്ന് ഫോൺ കോൾ; പോലീസ് പൂസായ ‘ബോഡി’ക്ക് അനക്കം; പെരുമ്പാവൂരിൽ നടന്നത്

ബെവ്കോയ്ക്ക് സമീപം 'ചാക്കിൽ കെട്ടിയ മൃതദേഹം'; പോലീസ് പരിശോധനയിൽ പൂസായ 'ബോഡി'ക്ക് അനക്കം

പെരുമ്പാവൂർ: നഗരമധ്യത്തിൽ ‘ആളെ തല്ലിക്കൊന്ന് ചാക്കിൽ കെട്ടി തള്ളി’യെന്ന ഫോൺ സന്ദേശം പോലീസിനെ വട്ടംകറക്കി. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. നഗരത്തിലെ ബെവ്‌കോ മദ്യവിൽപ്പന ശാലയ്ക്കു പിന്നിലെ പാടശേഖരത്തിനുസമീപം ചാക്കിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു നാട്ടുകാരിൽ ഒരാൾ പോലീസിനെ ഫോണിൽ വിളിച്ചറിയിച്ചത്. വിവരമറിഞ്ഞ് അതിഥിത്തൊഴിലാളികൾ തമ്പടിക്കുന്ന ബെവ്‌കോയ്ക്കു സമീപം പോലീസ് പാഞ്ഞെത്തി.

ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ ‘മൃതദേഹത്തി’ന്റെ മുട്ടിനു കീഴെ കാലുകൾ മാത്രം പുറത്തുകാണാവുന്ന വിധത്തിലായിരുന്നു. ഉടൻ ആംബുലൻസും സ്ഥലത്തെത്തി. ആംബുലൻസിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ‘ബോഡി’ക്ക്‌ അനക്കം! പോലീസ് അമ്പരന്നു. തല മൂടിയിരുന്ന ചാക്ക് മാറ്റി ‘ബോഡി’ മുഖം കാണിച്ചു. മദ്യപിച്ച് ലക്കുകെട്ടതോടെ സമീപത്തുനിന്നുകിട്ടിയ ചാക്കുകളെല്ലാം കൂട്ടിക്കെട്ടി വെയിലേൽക്കാതെ തലവഴി മൂടി കിടന്നുറങ്ങുകയായിരുന്നു കക്ഷി.

അല്ലപ്ര പ്ലൈവുഡ് ഫാക്ടറിയിൽ തൊഴിലാളിയായ മുർഷിദാബാദ് സ്വദേശിയായ 30 വയസ്സുകാരനാണ് ചാക്കുകൊണ്ട് മേലാസകലം മൂടി പാടശേഖരത്തിനു സമീപം കിടന്ന് മയങ്ങിപ്പോയത്. പൊല്ലാപ്പായെങ്കിലും ‘കൊലപാതകമോ അജ്ഞാത ബോഡിയോ’ അല്ലെന്നുള്ള ആശ്വാസത്തിൽ യുവാവിനെ ഉപദേശിച്ച് പറഞ്ഞുവിട്ടശേഷം പോലീസ് മടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News