മലപ്പുറം: പെരിന്തല്‍മണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ തര്‍ക്കത്തിലായിരുന്ന വോട്ടുപ്പെട്ടികളിലൊന്ന് കാണാതാകുകയും വൈകാതെ മറ്റൊരിടത്ത് നിന്ന് കണ്ടെത്തുകയും ചെയ്തു. വിവാദമായതിന് പിന്നാലെ വോട്ടുപെട്ടി നാടകീയമായി കണ്ടെത്തുകയായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് എണ്ണാതെ വെച്ച 348 സ്‌പെഷ്യല്‍ തപാല്‍ വോട്ടിന്റെ പെട്ടികളിലൊന്നാണ് കാണാതായത്. പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ ആയിരുന്നു മൂന്ന് പെട്ടികള്‍ സൂക്ഷിച്ചിരുന്നത്. ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന ഉത്തരവിനെ തുടര്‍ന്ന് ഇന്ന് രാവിലെ പെട്ടി കൊണ്ടുപോകാന്‍ ട്രഷറിയിലെത്തി സ്‌ട്രോങ് റൂം തുറന്നപ്പോള്‍ ഒരു പെട്ടി കാണാനില്ലായിരുന്നു.
രണ്ടു പെട്ടികള്‍ മാത്രമാണ് ട്രഷറിയില്‍ ഉണ്ടായിരുന്നത്. ഇത് വലിയ ആശങ്കകള്‍ക്കിടയാക്കിയിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ കാണാതായ വോട്ടുപ്പെട്ടി മലപ്പുറത്തെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് കണ്ടെത്തി. ഇത് എങ്ങനെ ഇവിടെ എത്തിയെന്നതില്‍ വ്യക്തതയില്ല. ഉദ്യോഗസ്ഥ അനാസ്ഥയാണ് ഉണ്ടായതെന്നാണ് കരുതുന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.പി.എം.മുസ്തഫ പ്രതികരിച്ചു. ‘പ്രത്യേക കരുതല്‍ വേണമെന്ന് കോടതിയുടെ പ്രത്യേക ഉത്തരവുണ്ടായിരുന്നു. മൂന്ന് പെട്ടികളില്‍ ഒന്ന് മാത്രം എങ്ങനെ മാറ്റി എന്നതില്‍ സംശയമുണ്ട്. അട്ടിമറി അടക്കം നടന്നോയെന്ന് അന്വേഷിക്കട്ടെ’ മുസ്തഫ പറഞ്ഞു.
മുസ്തഫയുടെ ഹര്‍ജി പ്രകാരമാണ് വോട്ടുപെട്ടികള്‍ ഹൈക്കോടതിയുടെസംരക്ഷണത്തിലേക്ക് മാറ്റാന്‍ ഉത്തരവുണ്ടായത്.
2021 ഏപ്രിലില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണയില്‍ ആകെ 1,65,616പേര്‍ വോട്ടുചെയ്തു. യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം 76,530 വോട്ടും കെ പി എം മുസ്തഫ 76,492 വോട്ടും നേടി. 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരം ജയിച്ചത്. ക്രമനമ്പര്‍ ഇല്ലാത്തതും പോളിങ് ഓഫീസര്‍മാരുടെ ഡിക്ലറേഷന്‍ ഒപ്പില്ലാത്തതുമായ 348 ബാലറ്റുകള്‍ വരണാധികാരിയായ പെരിന്തല്‍മണ്ണ മുന്‍ സബ് കലക്ടര്‍ അസാധുവാക്കി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ചീഫ് ഏജന്റ് ഇത് ചോദ്യംചെയ്‌തെങ്കിലും അസാധു വോട്ടായി പരിഗണിച്ചു. ഇതിനെതിരെ മുസ്തഫ കോടതിയെ സമീപിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളും മറ്റും ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റണമെന്ന മുസ്തഫയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വോട്ടുപ്പെട്ടികള്‍ ഇന്ന് മാറ്റാന്‍ ഉദ്യോഗസ്ഥരെത്തിയത്. മുസ്ഫയുടെ ഹര്‍ജിയില്‍ കോടതി നാളെ വാദം കേള്‍ക്കുന്നുണ്ട്. തപാല്‍വോട്ടുകള്‍ക്കൊപ്പം വോട്ടെണ്ണലിന്റെയും അനുബന്ധപ്രക്രിയകളുടെയും വീഡിയോകളടക്കമാണ് ഹൈക്കോടതിയിലേക്ക് മാറ്റുക.