ഡൽഹി: ശാരീരിക വൈകല്യമുള്ളവര്‍ക്കും ഇന്ത്യന്‍ പോലീസ് സര്‍വീസ്, ഇന്ത്യന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് സര്‍വീസ് എന്നിവയിലേക്ക് അപേക്ഷിക്കാമെന്ന് സുപ്രീംകോടതി.സിവില്‍ സര്‍വീസ് പരീക്ഷ പാസായ ശാരീരിക വൈകല്യമുള്ളവര്‍ക്ക് ഈ പോസ്റ്റുകളിലേയ്ക്ക് അപേക്ഷിക്കാമെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്തുവന്നു.
പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനില്‍ താല്‍കാലികമായി അപേക്ഷിക്കാമെന്നാണ് ഉത്തരവ്. ഇത്തരം സേവനങ്ങളില്‍ നിന്ന് അംഗപരിമിതരെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്തുകൊണ്ട് സംഘടന സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഹര്‍ജിക്കാര്യം സമാനമായ ഹര്‍ജിക്കാരും ഏപ്രില്‍ ഒന്നിന് നേരിട്ടോ കൊറിയര്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അപേക്ഷ നല്‍കുന്നതിനുള്ള ആവശ്യത്തെ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനും എതിര്‍ക്കുകയുണ്ടായില്ല. തുടര്‍ന്നാണ് ഇടക്കാല ഉത്തരവ് പുറത്തിറങ്ങിയത്. വിഷയം അടുത്ത ഏപ്രില്‍ 18-ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.