തിരുവനന്തപുരം: സാമൂഹികസുരക്ഷാ, ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിങ്ങിന് ഇന്നു മുതല്‍ 20 വരെ നടക്കും. ഇതുവരെ മസ്റ്ററിങ് പൂര്‍ത്തീകരിക്കാത്ത പെന്‍ഷന് അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ ബയോമെട്രിക് മസ്റ്ററിങ് നടത്തുന്നതിനും കിടപ്പുരോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഹോം മസ്റ്ററിങ് നടത്തുന്നതിനുമാണ് അക്ഷയകേന്ദ്രങ്ങള്‍ മുഖേന അവസരം.
2019 ഡിസംബര്‍ 31നു മുന്‍പു സാമൂഹികസുരക്ഷാ പെന്‍ഷനോ ക്ഷേമ പെന്‍ഷനോ അനുവദിച്ചിട്ടും മസ്റ്റര്‍ ചെയ്യാത്തവര്‍ക്കു വേണ്ടിയാണിത്. പെന്‍ഷന്‍ ലഭിക്കുന്നവരെല്ലാം ജീവിച്ചിരുപ്പുണ്ട് എന്ന് സാക്ഷ്യപെടുത്തുന്നതിന് വേണ്ടിയാണ് മസ്റ്ററിംഗ് നടത്തുന്നത്. പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി നേരിട്ട് അക്ഷയ കേന്ദ്രത്തില്‍ എത്തണം. ആധാര്‍ കാര്‍ഡ് കൈയില്‍ കരുതണം.
ആധാറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിരലടയാളം വഴിയോ, കണ്ണ് (ഐറിസ്) ഉപയോഗിച്ചോ മസ്റ്ററിംഗ് ചെയ്യാവുന്നതാണ്. ആധാറിലുള്ള വിരലടയാളവും, മസ്റ്ററിംഗ് നടത്തുന്ന സമയത്തെ വിരലടയാളവും ഒന്നായാല്‍ മാത്രമേ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളൂ. സൗജന്യമാണ് ഈ സേവനം. സര്‍ക്കാരാണ് മസ്റ്ററിങ് ചെലവുകള്‍ വഹിക്കുന്നത്.