ന്യൂഡല്‍ഹി: ബാങ്ക് വായ്പകളുടെ മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര ധനമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഇതേതുടര്‍ന്ന് മൊറട്ടോറിയം പ്രഖ്യാപിച്ച മാര്‍ച്ച് ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള ആറ് മാസക്കാലത്തെ രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കും.
നേരത്തെ, പിഴപ്പലിശ ഒഴിവാക്കാന്‍ തീരുമാനിച്ചെങ്കില്‍ അത് നടപ്പാക്കാന്‍ എന്തിനാണ് വൈകുന്നതെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. ഇതിന് മറുപടിയായി മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
തീരുമാനം എടുത്തെങ്കില്‍ എന്തുകൊണ്ട് അത് നടപ്പാക്കുന്നില്ല എന്ന് വിമര്‍ശിച്ച സുപ്രീംകോടതി നവംബര്‍ രണ്ടിനകം ഉത്തരവിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പരാമര്‍ശം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂട്ടുപലിശ ഒഴിവാക്കിക്കൊണ്ടുള്ള മാര്‍ഗരേഖ കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയത്.
ഭവന വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍, വാഹന വായ്പ, ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍, എംഎസ്എംഇ വായ്പകള്‍ തുടങ്ങിയവയുടെ കൂട്ടുപലിശയാണ് ഒഴിവാക്കുക. ഇതില്‍ കാര്‍ഷിക വായ്പകള്‍ ഉള്‍പ്പെടുന്നില്ല.