ന്യൂഡൽഹി:പെഗാസസ് ഫോൺ ചോർത്തലിൽ പുതിയ വെളിപ്പെടുത്തൽ. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് അരുൺ മിശ്ര ഉപയോഗിച്ചിരുന്ന ഫോൺ നമ്പറും പട്ടികയിൽ. സുപ്രീം കോടതി രജിസ്ട്രറിയിലെ ഉദ്യോഗസ്ഥരുടെ നമ്പറും പട്ടികയിലുണ്ടെന്നാണ് വിവരം. നിലവിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനാണ് ജസ്റ്റിസ് അരുൺ മിശ്ര.
2010 സെപ്റ്റംബർ 18 മുതൽ 2018 സെപ്റ്റംബർ വരെ ജസ്റ്റിസ് അരുൺ മിശ്രയുടെ പേരിലുണ്ടായിരുന്ന നമ്പറാണ് ഇപ്പോൾ ”ദ വയർ” പുറത്തുവിട്ടിരിക്കുന്ന പട്ടികയിലുള്ളത്. എന്നാൽ ഈ നമ്പർ താൻ 2014-ൽ സറണ്ടർ ചെയ്തിരുന്നു എന്നാണ് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കിയിട്ടുള്ളത്. അതിനു ശേഷം ആരാണ് ഈ നമ്പർ ഉപയോഗിച്ചിരുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല.
പെഗാസസ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ഈ വെളിപ്പെടുത്തൽ പുറത്തെത്തിയിരിക്കുന്നത്.
സുപ്രീം കോടതിയിലെ ഏറ്റവും തന്ത്രപ്രധാമായ റിട്ട് സെക്ഷനിനിലെ രണ്ട് രജിസ്ട്രാർമാരുടെ നമ്പറുകൾ ഇപ്പോൾ പുറത്തുവന്ന പട്ടികയിലുണ്ട്. എൻ.കെ. ഗാന്ധി, ടി.ഐ. രാജ്പുത് എന്നിവരുടെ നമ്പറുകളാണ് പട്ടികയിലുള്ളത്. ഇതിൽ എൻ.കെ. ഗാന്ധി സർവീസിൽനിന്ന് വിരമിച്ചു. രാജ്പുത് ഇപ്പോഴും സർവീസിലുണ്ട് എന്നാണ് വിവരം. ഇവരുടെ ഫോണുകൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. പരിശോധന പൂർത്തിയായാൽ മാത്രമേ ചോർത്തൽ നടന്നുവോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാവൂ.
അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസിലെ പ്രതി ക്രിസ്റ്റ്യൻ മിഷേലിന്റെ അഭിഭാഷകനായിരുന്ന മലയാളി കൂടിയായ ആൽജോ ജോസഫിന്റെ ഫോണും ചോർത്തൽ പട്ടികയിലുണ്ടെന്നാണ് വിവരം. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് മിഷേലിനെ ദുബായിൽനിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ആൽജോ ജോസഫ് നേരത്തെ കോൺഗ്രസ് ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളായിരുന്നു. ക്രിസ്ത്യൻ മിഷേലിന്റെ കേസ് ഏറ്റെടുത്തതിന് പിന്നാലെയാണ് കോൺഗ്രസിൽനിന്ന് അകറ്റിനിർത്തിയിരുന്നത്.