ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകരായ എൻ.റാം, ശശികുമാർ എന്നിവർ സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജിയോ, വിരമിച്ച ജഡ്ജിയോ അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.
ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് ഏതെങ്കിലും സർക്കാർ ഏജൻസികൾ ഉപയോഗിക്കുന്നുവോ എന്ന് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സൈനിക തലത്തിൽ ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് വ്യക്തികളുടെ ഫോൺ ചോർത്തുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
പെഗാസസ് ചോർത്തലിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ എത്തുന്ന മൂന്നാമത്തെ ഹർജിയാണിത്. അഭിഭാഷകൻ എം.എൽ.ശർമ, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എന്നിവരാണ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയ മറ്റ് രണ്ട് പേർ.