ജനീവ:ലോക സമാധാന സൂചികയില്‍ ഒന്നാം സ്ഥാനത്ത് യൂറോപ്യന്‍ രാജ്യമായ ഐസ്ലന്‍ഡ്. ഡെന്മാര്‍ക്കാണ് രണ്ടാമത്.
അയര്‍ലന്‍ഡ് മൂന്നാമതും ന്യൂസിലാന്‍ഡ് നാലാം സ്ഥാനത്തുമുണ്ട്. ആസ്‌ട്രേലിയയിലെ സിഡ്‌നി കേന്ദ്രീകരിച്ചുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇകണോമിക്‌സ് ആന്‍ഡ് പീസ് ആണ് വിവിധ മാനദണ്ഡങ്ങളെ ആസ്പദമാക്കി ലോക സമാധാന സൂചിക പ്രസിദ്ധീകരിച്ചത്.
യൂറോപ്യന്‍ രാജ്യങ്ങളാണ് പട്ടികയില്‍ മുന്നിട്ടുനില്‍ക്കുന്നത്. ആദ്യ പത്തില്‍ ഏഷ്യയില്‍ നിന്ന് സിംഗപ്പൂരും (6), ജപ്പാനും (9) ഇടംനേടി. ആസ്ട്രിയ (5), പോര്‍ച്ചുഗല്‍ (7), സ്ലൊവേനിയ (8), സ്വിറ്റ്‌സര്‍ലന്‍ഡ് (10) എന്നിങ്ങനെയാണ് സമാധാന പട്ടികയിലെ ആദ്യ സ്ഥാനക്കാര്‍.
സമാധാനത്തിന്റെ കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ 126ാം സ്ഥാനത്താണ് ഇന്ത്യ. 146ാം സ്ഥാനമാണ് പാകിസ്ഥാന്. ഏറ്റവും സമാധാനം കുറഞ്ഞ രാജ്യം അഫ്ഗാനിസ്താനാണ്. യെമന്‍, സിറിയ, സൗത്ത് സുഡാന്‍ എന്നിവയാണ് സമാധാനപട്ടികയില്‍ അഫ്ഗാന് തൊട്ടുമുകളിലുള്ള രാജ്യങ്ങള്‍. സാമൂഹിക സുരക്ഷ, ആഭ്യന്തര-അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍, സൈനികവത്കരണത്തിന്റെ തോത് എന്നീ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് സമാധാന പട്ടിക തയാറാക്കിയത്.