തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കോടതി റിമാന്‍ഡ് ചെയ്ത മുന്‍ എംഎല്‍എ പി.സി.ജോര്‍ജ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍. ആര്‍.ബാലകൃഷ്ണപിള്ള, എം.വി.ജയരാജന്‍, മുന്‍ ഐജി കെ.ലക്ഷ്മണ എന്നിവരെ പാര്‍പ്പിച്ച ആശുപത്രി ബ്ലോക്കിലെ ഡി മുറിയിലാണ് ജോര്‍ജും. ജാമ്യഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കാന്‍ മാറ്റി.
വൈകിട്ട് 5.40നാണ് ജോര്‍ജിനെ ജില്ലാ ജയിലില്‍നിന്നു സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത്. ജയില്‍ മെഡിക്കല്‍ ഓഫിസര്‍ പരിശോധിച്ച് കാര്യമായ ആരോഗ്യ പ്രശ്‌നമില്ലെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ ജയില്‍ മേധാവിയാണു സെന്‍ട്രല്‍ ജയിലിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചത്. വൈകിട്ടു തടവുകാര്‍ക്കുള്ള അത്താഴ വിതരണം പൂര്‍ത്തിയായിരുന്നതിനാല്‍ ജോര്‍ജിനു ഭക്ഷണമുണ്ടാക്കി നല്‍കി.
കൊച്ചിയില്‍നിന്നു ബുധനാഴ്ച അര്‍ധരാത്രിക്കുശേഷം തിരുവനന്തപുരത്ത് എത്തിച്ച ജോര്‍ജിനെ ഇന്നലെ രാവിലെ ഏഴരയോടെ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിന്റെ ചേംബറില്‍ ഹാജരാക്കി. ‘പൊലീസ് മര്‍ദിക്കുമെന്നു ഭയമുണ്ടോ’ എന്നു കോടതി ചോദിച്ചപ്പോള്‍ ‘ഒന്നിനെയും ഭയമില്ല’ എന്നായിരുന്നു മറുപടി. ‘പൊലീസ് മര്‍ദിച്ചോ’ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നും പറഞ്ഞു. ജാമ്യവ്യവസ്ഥ ലംഘിച്ചതിന്റെ പേരിലാണ് കോടതി ജോര്‍ജിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തത്.
എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം വേണമെന്നും തുടരന്വേഷണത്തിനു കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം തിങ്കളാഴ്ച പരിഗണിക്കും. പൊലീസ് വേട്ടയാടാന്‍ ശ്രമിക്കുകയാണെന്നു ജോര്‍ജിന്റെ അഭിഭാഷകന്‍ പറഞ്ഞു. ജയിലില്‍ പോകാന്‍ തയാറായാണു വന്നതെന്നു ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞു.
ജയിലില്‍ ജോര്‍ജ് ‘ആര്‍പി (റിമാന്‍ഡ് പ്രിസണര്‍) 5636’. എന്നാല്‍ ഇതു റജിസ്റ്ററിലേ ഉണ്ടാകൂ. റിമാന്‍ഡ് തടവുകാരനായതിനാല്‍ തടവുപുള്ളികളുടെ വേഷമല്ല, സ്വന്തം വസ്ത്രം ധരിക്കാം. വൈകിട്ട് ജയില്‍ അധികൃതര്‍ സെല്‍ പുറത്തുനിന്നു പൂട്ടാനെത്തിയപ്പോള്‍ ജോര്‍ജ് വിസമ്മതം പ്രകടിപ്പിച്ചു. ജയിലില്‍ ഇതു നിര്‍ബന്ധമാണെന്നു വിശദീകരിച്ചപ്പോള്‍ സമ്മതിക്കുകയും ചെയ്തു.