തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
സംഭവം അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
നടുവേദനയെ തുടര്‍ന്ന് അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടറെ കാണുന്നതിനായാണ് രവീന്ദ്രന്‍ ഒ.പി വിഭാഗത്തിലെത്തിയത്. രവീന്ദ്രന്‍ കയറിയത് തകരാറിലായ ലിഫ്റ്റിലായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം ലിഫ്റ്റിന് അകത്ത് കുടുങ്ങുകയായിരുന്നു.
രവീന്ദ്രന്റെ ഫോണ്‍ നിലത്തുവീണ് പൊട്ടി തകരാറിലായിരുന്നു. അതിനാല്‍ താന്‍ ലിഫ്റ്റില്‍ കുടുങ്ങിയ വിവരം ആരെയും വിളിച്ചറിയിക്കാന്‍ സാധിച്ചില്ല. ആശുപത്രിയിലുള്ള മറ്റാരുടെയും ശ്രദ്ധയില്‍ ഇക്കാര്യം പെട്ടതുമില്ല. ഇതിനിടെ ലിഫ്റ്റ് ഓപ്പറേറ്റര്‍ ലിഫ്റ്റ് ലോക്ക് ചെയ്ത് പോകുകയും ചെയ്തു. ഞായാറാഴ്ചയായതിനാല്‍ അടുത്ത ദിവസവും ആരും ലിഫ്റ്റിനടുത്ത് എത്തുകയോ തുറക്കുകയോ ചെയ്തില്ല.
മെഡിക്കല്‍ കോളേജില്‍ വെച്ച് രവീന്ദ്രനെ കാണാതായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബം ആശുപത്രിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. പിന്നീട് തിങ്കളാഴ്ച രാവിലെയോടെ ലിഫ്റ്റ് തകരാര്‍ പരിഹരിക്കുന്നതിനായി തൊഴിലാളികള്‍ എത്തി തുറന്നപ്പോഴാണ് അവശനിലയില്‍ രവീന്ദ്രനെ കണ്ടെത്തിയത്. തുടർന്ന് അദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം സംബന്ധിച്ച ബുദ്ധിമുട്ടുകളല്ലാതെ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.