പത്തനംതിട്ട: ‘കളക്ടർ രാജി വെക്കുക’, ‘എനിക്കും സാറിനെപ്പോലെ കളക്ടർ ആകാനാണ് ആഗ്രഹം. വെള്ളക്കെട്ടിൽ വീണാൽ എന്റെ ആഗ്രഹം നടക്കാതാവില്ലേ…’, ‘ഒരവധി തരൂ…പ്ലീസ്…’ മഴയെത്തുടർന്ന് അവധി ചോദിച്ചുള്ള കുട്ടികളുടെ ഇത്തരം കമന്റുകളെ പത്തനംതിട്ട കളക്ടർ എസ്. പ്രേംകൃഷ്ണൻ തമാശയായേ കാണാറുള്ളൂ.
എന്നാൽ ഔദ്യോഗിക പേജിലെ കമന്റടി വ്യക്തിഗത പേജിലേക്കും കടന്ന് ആത്മഹത്യാഭീഷണിയും അസഭ്യവുമായി നിറഞ്ഞപ്പോൾ കളിമാറി. വ്യക്തിഗത ഫെയ്സ്ബുക്ക് പ്രൊഫൈലിൽ പ്രത്യക്ഷപ്പെട്ട അസഭ്യകമന്റുകൾ കളക്ടർ സൈബർ സെല്ലിന് കൈമാറി.
15 വയസ്സിൽ താഴെയുള്ള വിദ്യാർഥികളാണ് ഇത്തരം കമന്റിന് പിന്നിലെന്നു കണ്ടെത്തിയപ്പോൾ കുട്ടികളെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി ഉപദേശിച്ചു. ഇത് ശരിയായ രീതിയല്ലെന്നും അവധി നൽകാൻ പ്രോട്ടക്കോൾ ഉണ്ടെന്നും ബോധ്യപ്പെടുത്തി. കഴിഞ്ഞ രണ്ടുദിവസമായി രണ്ട് കുട്ടികളെയും മാതാപിതാക്കളെയും വിളിച്ചുവരുത്തി. രക്ഷിതാക്കളുടെ പ്രൊഫൈലിൽ കയറിയും കുട്ടികൾ കമന്റ് ഇടാറുണ്ട്.
രാത്രി പന്ത്രണ്ട് മണിക്കൊക്കെ തന്റെ മൊബൈൽ നമ്പറിൽ വിളിച്ച് രക്ഷിതാവെന്ന വ്യാജേന കുട്ടികൾ ശബ്ദം മാറ്റി അവധി വേണമെന്ന് പറയാറുണ്ടെന്നും കളക്ടർ പറഞ്ഞു. കുട്ടികളുടെ രസകരമായ കമന്റുകൾ ആസ്വദിക്കാറുണ്ട്. എന്നാൽ അതിരുവിടുന്ന കമന്റുകൾ അപകടമാണ് – കളക്ടർ നയം വ്യക്തമാക്കി.
ജില്ലയിൽ റെഡ് അലർട്ട് ആണെങ്കിൽ കളക്ടർക്ക് അവധി പ്രഖ്യാപിക്കാം. ഓറഞ്ച്, മഞ്ഞ അലർട്ട് ആണെങ്കിൽ തഹസിൽദാരുടെയും വില്ലേജ് ഓഫീസറുടെയും റിപ്പോർട്ട് തേടി വൈകീട്ടത്തെ മഴയുടെ അവസ്ഥ കൂടി കണക്കിലെടുത്തേ അവധി പ്രഖ്യാപിക്കൂ.