കൊച്ചി: അതികഠിനമായ തിരക്കുമൂലം കാലുകുത്താൻ ഇടയില്ലാതെയാണ് പാലരുവി ഇന്ന് കോട്ടയം സ്റ്റേഷനിൽ എത്തിയത്. ഇരട്ടപാതയ്ക്ക് ശേഷം പതിവായി വൈകുന്നതിനാൽ ഓഫീസ് ജീവനക്കാർ വേണാട് ഉപേക്ഷിച്ചതോടെയാണ് പാലരുവിയിൽ തിരക്ക് വർദ്ധിച്ചത്. ചവിട്ടുപടിയിലും ടോയ്ലറ്റ് ഇടനാഴിയിലും നിന്നാണ് പലരും ഇപ്പോൾ എറണാകുളമെത്തുന്നത്.
കുറുപ്പന്തറ, വൈക്കം, പിറവം സ്റ്റേഷനിൽ നിന്നുള്ള യാത്രക്കാരും കയറിയതോടെ ശ്വാസം പോലും കിട്ടാത്ത അവസ്ഥയിലായിരുന്നു. ലേഡീസ് കമ്പാർട്ട് മെന്റിൽ ചെങ്ങന്നൂർ സ്വദേശിനിയ്‌ക്ക് ഇതിനിടയിൽ ദേഹസ്വാസ്ഥ്യം ഉണ്ടാകുകയും പിറവം റോഡിൽ നിന്ന് കയറിയ ഹൈക്കോടതി ജീവനക്കാരിയായ ശ്രീമതി അഞ്ജു ലോക്കോ പൈലറ്റിനെ വിവരം അറിയിക്കുകയുമായിരുന്നു. അതനുസരിച്ച് എറണാകുളം ടൗൺ സ്റ്റേഷനിൽ അടിയന്തിര വൈദ്യസഹായം ഒരുക്കുകയും ആശുപത്രിയിലേയ്ക്ക് മാറ്റുകയുമായിരുന്നു.
പാലരുവിയിൽ ഇതാദ്യ സംഭവമല്ല, വാഗൺ ട്രാജഡിയുടെ തനിയാവർത്തനമാണ് ഇപ്പോൾ പാലരുവിയിൽ നടക്കുന്നത്. പാലരുവിയിൽ കോച്ചുകളുടെ ദൗർലഭ്യവും കോട്ടയത്ത് നിന്ന് എറണാകുളം പാതയിൽ രാവിലെ മറ്റു ട്രെയിനുകൾ ഇല്ലാത്തതും ദുരിതം വർദ്ധിപ്പിക്കുന്നു. പാലരുവിയ്ക്കും വേണാടിനും ഇടയിൽ ഒരു മെമു സർവീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ഇന്ന് പിറവം റോഡിൽ നിന്ന് ട്രെയിനിൽ കയറാൻ ഇടമില്ലാതെ പാലരുവിയിലെ യാത്ര പലരും മാറ്റിവെച്ചു.
സർക്കാർ ജീവനക്കാർക്ക് ബയോമെട്രിക് പഞ്ചിങ് സംവിധാനം പ്രാബല്യത്തിൽ വന്നതോടെ ഒരു ഭാഗ്യപരീക്ഷണത്തിന് പോലും വേണാട് ഇപ്പോൾ ആരും ആശ്രയിക്കാറില്ല. യാത്രക്കാരുടെ പ്രശ്നങ്ങളെ റെയിൽവേ ഇപ്പോൾ കേൾക്കാൻ കൂട്ടാക്കുന്നില്ലെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് പ്രതിനിധി അജാസ് വടക്കേടം ആരോപിച്ചു. കൂടുതൽ ട്രെയിനുകൾ അനുവദിക്കാതെ സമയക്രമം മാത്രം ചിട്ടപ്പെടുത്തിയാൽ തീരുന്ന പ്രശ്ങ്ങളാണ് ഇപ്പോൾ നിലവിലുള്ളത്.
കോവിഡിന് ശേഷം പുനസ്ഥാപിച്ച മെമു സർവീസുകൾ ഒന്നും സ്ഥിരയാത്രക്കാർക്ക് അനുകൂലമല്ല. ഇരട്ട പാതയോട് അനുബന്ധിച്ച് ചിട്ടപ്പെടുത്തിയ സമയക്രമം വേണാടിനെ കൂടുതൽ താമസിപ്പിക്കാൻ മാത്രമാണ് കാരണമായത്. കേരളത്തിലെ ജനപ്രതിനിധികൾക്ക് റെയിൽവേയിൽ സ്വാധീനം നഷ്ടപ്പെട്ടിരിക്കുന്നു. നിവേദനങ്ങളുമായി ചെല്ലുന്ന യാത്രക്കാരെ നിസ്സഹായാവസ്ഥ പറഞ്ഞ് മടക്കുകയാണ്.
ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചും പാസഞ്ചർ സർവീസുകൾ റദ്ദാക്കിയും സീസൺ ടിക്കറ്റുകാർക്ക് അനുകൂലമാകുന്ന സർവീസുകളുടെ സമയക്രമം പുന ക്രമീകരിച്ചും റെയിൽവേ സാധാരണക്കാരെ പരമാവധി ദ്രോഹിക്കുകയാണ്. മടക്കയാത്രയിൽ പാലരുവിയുടെയും നിലമ്പൂർ- കോട്ടയം എക്സ്പ്രസ്സിന്റെയും സമയം നേരത്തെയാക്കിയത് യാത്രാക്ലേശം വർദ്ധിപ്പിച്ചതായി യാത്രക്കാരെ പ്രതിനിധീകരിച്ച് ശ്രീജിത്ത് കുമാർ അഭിപ്രായപ്പെട്ടു. വൈകുന്നേരം 06.40 നുള്ള പാലരുവി കടന്നുപോയാൽ പിറ്റേന്ന് പുലർച്ചെ 02 55 നാണ് ചങ്ങനാശ്ശേരി, തിരുവല്ല സ്റ്റേഷനുകളിൽ സ്റ്റോപ്പുള്ള അടുത്ത ട്രെയിൻ എറണാകുളത്ത് നിന്ന് സർവീസ് നടത്തുന്നത്. പാലരുവി പാലക്കാട് നിന്ന് അരമണിക്കൂർ വൈകി പുറപ്പെട്ടാൽ ഒറ്റപ്പാലം, തൃശൂർ, എറണാകുളം ടൗണിൽ നിന്നുമുള്ള യാത്രക്കാർക്ക് വളരെയധികം പ്രയോജനം ലഭിക്കുന്നതാണ്. 06.15 ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന 06443 മെമുവിന് തൊട്ടുപിറകിൽ കൊല്ലം വരെ അനുഗമിക്കുകയാണ് ഇപ്പോൾ പാലരുവി.