✍🏼അജാസ് വടക്കേടം…
കോട്ടയം വഴിയുള്ള യാത്രാക്ലേശത്തിന് അടിയന്തിര പരിഹാരമായി 12677/78 ബാംഗ്ലൂർ എറണാകുളം ഇന്റർസിറ്റി കോട്ടയത്തേക്ക് നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ പാലരുവി കഴിഞ്ഞാൽ എറണാകുളം ഭാഗത്തേയ്ക്ക് ഒന്നരമണിക്കൂർ ഇടവേളയിൽ മറ്റു ട്രെയിനുകൾ ഒന്നുമില്ലാത്തത് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്.
പുലർച്ചെ എറണാകുളം ഭാഗത്തേയ്ക്കുള്ള പാലരുവി, വേണാട് എക്സ്പ്രസ്സുകളിൽ അതികഠിനമായ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കോട്ടയത്തിന് മുമ്പേ നിറയുന്ന കോച്ചുകളിൽ കയറി പറ്റാൻ പോലും കഴിയാത്ത സാഹചര്യം പോലും ഉണ്ടാകാറുണ്ട്. തിങ്ങി നിറഞ്ഞ കമ്പാർട്ട്മെന്റുകളിൽ ശ്വാസം പോലും കിട്ടാതെ ആളുകൾ കുഴഞ്ഞുവീഴുന്ന സംഭവം ഇപ്പോൾ പുതുമ അല്ലാതായിരിക്കുന്നു.
വന്ദേഭാരതിന് ശേഷം 07.45 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന വിധം ക്രമീകരിച്ചാൽ എറണാകുളം മുതൽ മാറ്റങ്ങൾ ഒന്നുമില്ലാതെ സർവീസ് തുടരാവുന്നതാണ്. വൈകുന്നേരം 04.40 ന് എറണാകുളം ടൗണിൽ നിന്ന് കോട്ടയത്തേയ്‌ക്ക് ഒരു സർവീസ് കൂടി ലഭിക്കുമ്പോൾ ഇരുദിശയിലേയ്ക്കും വേണാട് എക്സ്പ്രസ്സിലെ തിരക്കിന് ശാശ്വത പരിഹാരമാകുന്നതാണ്.
പാലരുവിയ്ക്ക് ശേഷം കോട്ടയത്ത് നിന്ന് എറണാകുളത്തേയ്ക്ക് ഒരു ട്രെയിൻ വേണമെന്നത് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളവരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. കോട്ടയത്തിനും എറണാകുളത്തിനും ഇടയിൽ കേരളത്തിന്റെ ഐ ടി ഹബ്ബ് എന്നറിയപ്പെടുന്ന തൃപ്പൂണിത്തുറ സ്റ്റേഷനിൽ മാത്രം സ്റ്റോപ്പ് പരിഗണിച്ചാൽ റെയിൽവേയ്ക്കും വരുമാനടിസ്ഥാനത്തിൽ നേട്ടമാകുന്നതാണ്.. ഈ ട്രെയിനിൽ എറണാകുളം ജംഗ്ഷനിൽ നിന്ന് ബാംഗ്ലൂരിലേയ്ക്ക് യാത്ര ചെയ്യുന്ന നല്ലൊരുശതമാനം കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ്.
കോട്ടയത്ത് പ്ലാറ്റ് ഫോമുകളും മറ്റു അടിസ്ഥാന സൗകര്യങ്ങളും അനുകൂലമാണ്. എറണാകുളം ജംഗ്ഷനിൽ അനുഭവപ്പെടുന്ന ബോട്ടിൽ നെക്ക് കുരുക്കിനും ഇന്റർസിറ്റിയുടെ കോട്ടയത്തേയ്ക്കുള്ള എക്സ്റ്റൻഷനിലൂടെ പരിഹാരമാകുന്നതാണ്. മറ്റു സാങ്കേതിക തടസ്സങ്ങൾ റെയിൽവേയ്ക്ക് ഒഴിവാക്കാവുന്നതേയുള്ളൂ.
കോട്ടയം ജില്ലയുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമായി ബാംഗ്ലൂർ എറണാകുളം ഇന്റർസിറ്റി കോട്ടയത്തേയ്ക്കുള്ള ദീർഘിപ്പിക്കാൻ ആവശ്യമായ ഇടപെടൽ ജനപ്രതിനിധികളിൽ നിന്നും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.
അവധിയ്ക്ക് ശേഷമുള്ള ആഴ്ചയിലെ ആദ്യ പ്രവർത്തിദിവസം ഡോറുകളിലും ചവിട്ടുപടിയിലും തൂങ്ങി നിന്നാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. ഇലക്ഷൻ സമാഗതമായ സാഹചര്യത്തിൽ ജില്ലയുടെ യാത്രാക്ലേശം മനസ്സിലാക്കാൻ ലോക് സഭാ സ്ഥാനാർഥികൾ വേണാടിലെയോ പാലരുവിയിലോ ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യാൻ തയ്യാറാകാണം. പാർലമെന്റിൽ സാധാരണക്കാരനെ പ്രതിനിധീകരിക്കുമ്പോൾ ഒരു ദിവസം എങ്കിലും സാധാരണക്കാരന്റെ പ്രശ്നങ്ങളിലൂടെ സഞ്ചരിക്കണം. ജില്ലയിലെ യാത്രാക്ലേശം അതിരൂക്ഷമാണ്.. പരിഹാരം അനിവാര്യമാണ്.