യാത്രാകൂലിയെച്ചൊല്ലി തര്‍ക്കം; കൊല്ലത്ത് ഓട്ടോഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം

കൊല്ലം: യാത്രാകൂലിയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ കൊല്ലത്ത് ഓട്ടോഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. കൊല്ലം അഞ്ചാലുംമൂടിലാണ് സംഭവം. അഞ്ചാലുംമൂട് സ്വദേശി അനില്‍കുമാറിനാണ് മര്‍ദ്ദനമേറ്റത്. യാത്രക്കാരനായ ബേബിയാണ് അനില്‍കുമാറിനെ മര്‍ദ്ദിച്ചത്. സംഭവം ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് നേരെ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് കത്തിവീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

തൃക്കരൂര്‍ സ്വദേശി ബേബി കാഞ്ഞിരംകുഴിയിലേക്ക് പോകാനാണ് അനില്‍കുമാറിന്റെ ഓട്ടോയില്‍ കയറുന്നത്. തിരികെ അഞ്ചാലുംമൂട്ടിലെത്തിയപ്പോള്‍ ഓട്ടോകൂലിയായ 50 രൂപ അനില്‍കുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, തുക കൂടുതലാണെന്ന് ബേബി പറഞ്ഞു. ഇക്കാര്യത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. അതിന്റെ പേരിലാണ് മര്‍ദ്ദനമുണ്ടായത്.

മര്‍ദ്ദനം കണ്ട് നാട്ടുകാര്‍ ഇടപെട്ടു. ഇതോടെ അക്രമിക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് കത്തികാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് അക്രമികള്‍ ഓടി രക്ഷപ്പെട്ടു. അനില്‍കുമാര്‍ നല്‍കിയ പരാതിയില്‍ ബേബി, പ്രദീപ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇരുവരും ഒളിവിലാണെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News