കൊച്ചി:മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാമും പാർവതിയും. സിനിമകളിൽ നായികയും നായകനുമായി അഭിനയിച്ച ഇരുവരും ജീവിതത്തിലും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. അഞ്ച് വർഷക്കാലം സെറ്റുകളിൽ ഒളിഞ്ഞും തെളിഞ്ഞും പ്രണയിച്ച ശേഷം 1992 ലാണ് ഇവർ വിവാഹിതരായത്.
വിവാഹം കഴിഞ്ഞിട്ട് വർഷങ്ങൾ ഏറെയായെങ്കിലും പാർവതിയും ജയറാമും മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളായി തന്നെ തുടരുകയാണ്. ഇവരുടെ മക്കളായ കാളിദാസ് ജയറാമും ചക്കി എന്ന് വിളിക്കുന്ന മാളവികയും ഇന്ന് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്.
തെന്നിന്ത്യൻ സിനിമകളിലെ സജീവ സാന്നിധ്യമായി മാറികൊണ്ട് കാളിദാസ് അച്ഛനെ പോലെ തന്നെ വലിയ നടനായി മാറിക്കൊണ്ടിരിക്കുകയാണ്.
ശുഭയാത്ര, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, തൂവാനത്തുമ്പികൾ, അപരൻ, അധിപൻ, കിരീടം തുടങ്ങിയ ഹിറ്റ് സിനിമകളിലൂടെയാണ് പാർവതി – ജയറാം ജോഡികൾ പ്രേക്ഷകരുടെ ഇഷ്ടം നേടുന്നത്. ഓൺ സ്ക്രീനിലെ ഇവരുടെ കെമിസ്ട്രി പ്രേക്ഷകർ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നോ അതിന്റെ ഇരട്ടിയാണ് ഇവർ പരസ്‌പരം ഇഷ്ടപ്പെട്ടിരുന്നത്.
തുടർന്നാണ് ഇരുവരും ജീവിതത്തിലും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ജയറാമിനും ഒരുപിടി മുകളിൽ പാർവതി സിനിമകളിൽ തിളങ്ങി നിൽക്കുന്ന സമയമായിരുന്നു അത്. എന്നാൽ വിവാഹശേഷം പാർവതി അഭിനയ ജീവിതത്തോട് വിട പറയുകയായിരുന്നു. എങ്കിലും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് പാർവതി.
ഇപ്പോഴിതാ, പാർവതിയെ കുറിച്ചും ജയറാം – പാർവതി വിവാഹത്തെ കുറിച്ചും മേക്കപ്പ് ആർട്ടിസ്റ്റായ അനില ജോസഫിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്. മേക്കപ്പ് ഫീൽഡിൽ ഒരുപാട് നാളത്തെ അനുഭവ സമ്പത്തുള്ള മേക്കപ്പ് തെറാപ്പിസ്റ്റാണ് അനില ജോസഫ്. താൻ ആദ്യമായി മേക്കപ്പ് ചെയ്ത സിനിമാ താരം പാർവതിയാണെന്ന് അനില പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
അന്ന് പാർവതിയുടെ മുഖത്ത് മേക്കപ്പ് ഇട്ടപ്പോൾ നല്ല മാറ്റമുണ്ടായെന്നും പിന്നീട് പാർവതിയുടെയും ജയറാമിന്റെയും വിവാഹത്തിന് മേക്കപ്പ് ഇടാനായി തന്നെ വിളിച്ചെന്നും അനില പറയുന്നു. സിനിമാ പ്രേമികൾ ആഘോഷമാക്കിയ വിവാഹമായിരുന്നത് കൊണ്ട് തന്നെ ഗുരുവായൂർ വെച്ച് നടന്ന വിവാഹം കാണാൻ നിറയെ ആളുകൾ ആയിരുന്നെന്നും കല്യാണം കാണാൻ മരത്തിന്റെ മുകളിൽ വരെ കയറി നിന്നവരുണ്ടെന്നും അനില ജോസഫ് പറയുന്നു.
ഞാൻ ആദ്യമായിട്ട് ഒരുക്കിയതും വലിയ ഫിലിം സ്റ്റാർ ആയി വന്നതും പാർവതിയാണ്. പുള്ളിക്കാരി ഇടക്ക് അത് എന്നോട് പറയും. പാർവതിയുടെ മുഖത്ത് ചെയ്ത് കഴിഞ്ഞപ്പോൾ നല്ലൊരു മാറ്റം ഉണ്ടായിരുന്നു. ഇന്നത്തെ കാലത്തെ പോലെ ആയിരുന്നില്ല പണ്ട്. ഇന്ന് ഇഷ്ടം പോലെ മേക്കപ്പ് ആർട്ടിസ്റ്റുകൾ ഇവിടെ ഉണ്ട്. മുടി ചെയ്യാൻ ഒരാൾ, മുഖം ചെയ്യാൻ ഒരാൾ അങ്ങനെയൊക്കെ.
കൂടാതെ മിക്കവരും ഡോക്ടറുടെ അടുത്ത് പോയിട്ടാണ് പലരും സ്കിൻ ട്രീറ്റ്മെന്റുകൾ എല്ലാം ചെയ്യുന്നത്. പണ്ട് എല്ലാം നാച്ചുറൽ സംഗതികളായിരുന്നു. അന്ന് ഇന്നത്തെ പോലെയല്ല മേക്കപ്പ് സാധനങ്ങളൊക്കെ ഒരു ചെറിയ ബാഗിൽ ആയിരുന്നുവെന്നും അനില പറയുന്നു.
അതിനു ശേഷം ഞാനും പാർവതിയും വളരെ ക്ലോസായി. അവളുടെ വിവാഹം ഗുരുവായൂരിൽ വെച്ചായിരുന്നു. എന്റെ ആദ്യത്തെ സെലിബ്രിറ്റി മേക്കപ്പിന് പോകുന്നത് അന്നാണ്. ഭയങ്കര എക്സൈറ്റ്മെന്റ്റ് ആയിരുന്നു. അവരുടെ കല്യാണം കാണാൻ അന്ന് മരത്തിന്റെ മുകളിൽ വരെ ആളുകൾ കയറി നിന്നുരുന്നു. ഭയങ്കര ഒരു ഇതായിരുന്നു. ഇന്നും പർവതിയുമായി നല്ല ബന്ധമുണ്ടെന്ന് അനില പറഞ്ഞു.