കൊച്ചി: ഒ.എന്‍.വി പുരസ്‌കാരം സ്വഭാവഗുണം നോക്കി കൊടുക്കാവുന്ന അവാര്‍ഡല്ല എന്ന് സംവിധായകനും ഒഎന്‍വി കള്‍ച്ചറല്‍ സൊസൈറ്റി ചെയര്‍മാനുമായ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണത്തിനെതിരെ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പാര്‍വതി പ്രതിഷേധം അറിയിച്ചത്.
‘മനുഷ്യത്വം നോക്കാമല്ലോ? അതോ അതും വേണ്ടെ?’ എന്നാണ് പാര്‍വ്വതിയുടെ പ്രതികരണം. മീ ടൂ ആരോപണങ്ങള്‍ക്ക് വിധേയനായ ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് നേരത്തെ രംഗത്തെത്തിയിരുന്നു.
ഒഎന്‍വി സാര്‍ നമ്മുടെ അഭിമാനമാണെന്നും അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരം ലൈംഗീക ആക്രമണ പരാതി നേരിടുന്നയാള്‍ക്ക് നല്‍കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നുമാണ് പാര്‍വതി പറഞ്ഞത്.
നിരവധി പേര്‍ മി ടൂ ഉന്നയിച്ച ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതില്‍ പ്രതിഷേധമറിയിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരിന്നു. പതിനേഴു സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണമുള്ള വ്യക്തിയാണ് വൈരമുത്തുവെന്ന് നടി റിമ കല്ലിങ്കല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഒപ്പുവച്ച പ്രസ്ഥാവന പങ്കുവച്ചുകൊണ്ടായിരുന്നു റിമയുടെ പോസ്റ്റ്.
ട്വിറ്ററിലും പുരസ്‌കാര നിര്‍ണയത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനോടകം തന്നെ ഗായിക ചിന്‍മയി ശ്രീപദ, മീന കന്ദസ്വാമി, മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രന്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ അവാര്‍ഡ് നിര്‍ണയത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രംഗത്ത് വന്നിട്ടുണ്ട്.
കമല സുരയ്യയുള്‍പ്പടെയുള്ള ശക്തരായ സ്ത്രീപക്ഷ എഴുത്തുകാരികളാല്‍ അറിയപ്പെടുന്ന നാടാണ് കേരളം. വൈരമുത്തുവിനെ പോലെയുള്ള സ്ത്രീവിരുദ്ധന് ഒ.എന്‍. വി സാംസ്‌കാരിക അക്കാദമി അവാര്‍ഡ് നല്‍കുന്നതിലൂടെ മലയാള സാഹിത്യലോകത്തെ സ്ത്രീപക്ഷപാരമ്പര്യങ്ങളേയും എഴുത്തുകാരെയും അപമാനിച്ചിരിക്കുകയാണ് അധികൃതര്‍. എന്ന് മീന കന്ദസ്വാമി ട്വീറ്ററില്‍ കുറിച്ചു.