തിരുവനന്തപുരം: ലോക കേരള സഭയിൽ പുരാവസ്തുതട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ സുഹൃത്തായ പ്രവാസി വനിത അനിത പുല്ലയിൽ പങ്കെടുത്തത് വിവാദമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ താൻ ഓപ്പൺ ഫോറത്തിലാണ് പങ്കെടുത്തതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അനിത.
ഓപ്പൺ ഫോറത്തിൽ ആർക്കുവേണമെങ്കിലും പങ്കെടുക്കാമെന്ന് അനിത പ്രതികരിച്ചു. സമ്മേളനത്തിൽ നിന്ന് തന്നെ ആരും പുറത്താക്കിയിട്ടില്ലെന്നും പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴെടുത്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും അനിത കൂട്ടിച്ചേർത്തു.
അനിത സമ്മേളന പ്രതിനിധി അല്ലെന്ന് സംഘാടകരായ നോർക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. അനിതയെ ക്ഷണിച്ചിട്ടില്ലെന്നും ഓപ്പൺഫോറത്തിലെ പാസ് ഉപയോഗിച്ചാകാം അകത്തുകടന്നതെന്നും വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു.
ലോക കേരള സഭയിലെ ഔദ്യോഗിക അതിഥി പട്ടികയില്‍ അനിതയുടെ പേര് ഇല്ലെന്ന് നോര്‍ക്ക അധികൃതര്‍ പ്രതികരിച്ചു. ഇറ്റലിയില്‍ നിന്നുള്ള പ്രതിനിധിയായിട്ടാണ് നേരത്തെ അനിത ലോക കേരള സഭയില്‍ അംഗമായത്. മോന്‍സന്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് പിന്നീട് അവരെ പ്രതിനിധി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, തിരുവനന്തപുരത്ത് എത്തിയ ഇവര്‍ കഴിഞ്ഞ ദിവസവും നിയമസഭാ സമുച്ചയത്തില്‍ എത്തിയിരുന്നു.
ഇന്നും ഇവരുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ ഐഡി കാര്‍ഡ് കൈവശമുള്ള ക്ഷണിക്കപ്പെട്ട പ്രതിനിധികളെ മാത്രം സമ്മേളനം നടക്കുന്ന ഹാളിലേക്ക് പ്രവേശിപ്പിച്ചാല്‍ മതിയെന്ന ശക്തമായ തീരുമാനത്തിലേക്ക് പ്രോട്ടോക്കോള്‍ വിഭാഗവും നോര്‍ക്കാ അധികൃതരും മാറിയിരുന്നു.
ഐഡി കാര്‍ഡ് പരിശോധിച്ച് മാത്രമാണ് ഇന്ന് പ്രതിനിധികളെ കയറ്റി വിട്ടത്. ഇക്കാര്യത്തില്‍ അധികൃതര്‍ വേണ്ട കരുതല്‍ സ്വീകരിക്കുകയായിരുന്നു. സഭാ ടി.വിയുടെ ഓഫീസില്‍ ഇരിക്കുമ്പോഴാണ് അനിത പുല്ലയിലിനെ ശ്രദ്ധിക്കുന്നത്. ഈ സമയം ചാനല്‍ ക്യാമറകള്‍ ഇവരുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ വാച്ച് ആന്‍ഡ് വാര്‍ഡ് എത്തി അനിത പുല്ലയിലിനെ പുറത്താക്കുകയായിരുന്നു.