KeralaNews

സൗജന്യ പാർക്കിങ് അനുവദിക്കണം, ഫീസ് പിരിക്കാൻ പാടില്ല; കടിഞ്ഞാണിട്ട് കോർപറേഷൻ

തിരുവനന്തപുരം: പാർക്കിങ് ഫീസ് എന്ന പേരിൽ വൻ തുക ഈടാക്കുന്ന മാളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് കോർപറേഷന്റെ കടിഞ്ഞാൺ. കെട്ടിടത്തിന്റെ തറ വിസ്തീർണത്തിന് അനുസരിച്ച് സജ്ജീകരിച്ചിട്ടുള്ള പാർക്കിങ് സ്ഥലത്ത് സൗജന്യ പാർക്കിങ് അനുവദിക്കണമെന്നും ഫീസ് പിരിക്കാൻ പാടില്ലെന്നും കോർപറേഷൻ കർശന നിർദേശം നൽകി. നഗരത്തിലെ ചില മാളുകളിൽ പാർക്കിങ് ഫീസായി വൻ തുക ഈടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് കോർപറേഷന്റെ നടപടി. മാളുകൾ, വ്യാപാര സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം ഇതു ബാധകമാണെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു.

കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരം കെട്ടിടത്തിന്റെ തറ വിസ്തീർണത്തിന് അനുസരിച്ച് ഒരുക്കിയിട്ടുളള പാർക്കിങ് എരിയയിൽ വാഹന പാർക്കിങ്ങിന് ഫീസ് നൽകേണ്ടതില്ല. ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമാണ്. എന്നാൽ ഈ സ്ഥലത്തിനു പുറമേ കൂടുതൽ സ്ഥലം പാർക്കിങ്ങിനായി ഒരുക്കിയിട്ടുണ്ടെങ്കിൽ കോർപറേഷന്റെ അനുമതിയോടെ ഫീസ് ഈടാക്കാം. നിരക്ക്, പാർക്കിങ് സ്ഥലങ്ങൾ പാലിക്കേണ്ട നിബന്ധനകൾ തുടങ്ങിയവ ഉൾക്കൊള്ളിച്ച് മുൻ ഭരണസമിതിയുടെ കാലത്ത് തയാറാക്കിയ പാർക്കിങ് നിയമാവലിക്ക് കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്.

ഇരുചക്ര വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനു 2 രൂപയും കാർ ഉൾപ്പെടെ ഇടത്തരം നാലു ചക്ര വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനു 10 രൂപയുമാണ് നിയമാവലിയിൽ കോർപറേഷൻ നിർദേശിച്ച നിരക്ക്. മഴയോ വെയിലോ ഏൽക്കാതിരിക്കാൻ പാർക്കിങ് സ്ഥലത്ത് മേൽക്കൂര നിർമിക്കണം. നിരക്ക് പ്രദർശിപ്പിക്കണം. പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകം ശുചിമുറി സൗകര്യം സജ്ജീകരിക്കണം. നിരീക്ഷണ ക്യാമറാ സംവിധാനമുണ്ടായിരിക്കണം. തുടങ്ങിയ നിർദേശങ്ങളാണ് നിയമാവലിയിലുള്ളത്. എന്നാൽ അന്തിമ അനുമതി നൽകാതെ തദ്ദേശ, നിയമ വകുപ്പുകൾ ഉഴപ്പുന്നതാണ് മാളുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മറ്റും അനുഗ്രഹമാകുന്നതെന്നാണ് ആരോപണം.

• ആവശ്യത്തിനു സ്ഥലമുണ്ടെങ്കിലും സൗജന്യ പാർക്കിങ് സ്ഥലത്തേക്കു ഉപഭോക്താക്കൾക്കു പ്രവേശന നിരോധനം. മാളുകൾ, സ്വകാര്യ ആശുപത്രികൾ, ചില തിയറ്ററുകൾ എന്നിവിടങ്ങളിലെ സൗജന്യ പാർക്കിങ് സ്ഥലം ഓഫിസ് സ്റ്റാഫുകൾക്കു നൽകിയ ശേഷം ഉപഭോക്താക്കളിൽ നിന്നു പണം ഈടാക്കുന്നതായാണ് ആരോപണം.

ഓഫിസ് സ്റ്റാഫിന്റെ വാഹനങ്ങൾ പാർക്കു ചെയ്ത ശേഷം സൗജന്യ പാർക്കിങ് സ്ഥലത്തെ കുറിച്ചു ചോദിക്കുമ്പോൾ ‘ഫുൾ’ ആണെന്നു പറയുന്നതാണ് മിക്കയിടത്തെയും പതിവ്.കാറിനു 30 മുതൽ 70 രൂപ വരെ ഈടാക്കുന്ന സ്ഥലങ്ങളുണ്ട്. മിക്ക മാളുകാരും ആശുപത്രികളും പാർക്കിങ് സ്ഥലത്തിന്റെ നടത്തിപ്പ് കരാർ നൽകിയിരിക്കുകയാണ്. ഈ പണം ഈടാക്കാൻ കരാറുകാരൻ തോന്നിയ നിരക്ക് ഈടാക്കുന്നുണ്ടെങ്കിലും ഇതുവരെ കോർപറേഷന്റെ ഇടപെടലുണ്ടായിട്ടില്ല. ലക്ഷക്കണക്കിനു രൂപയാണ് ഈ ഇനത്തിൽ വരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button