ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മഥുരയില്‍ അതിവേഗ ദേശീയപാതയ്ക്ക് സമീപം സ്യൂട്ട്‌കേസിനുള്ളിലാക്കി ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിരണ്ടുകാരിയായ ആയുഷി ചൗധരിയുടെ മൃതദേഹം കഴിഞ്ഞ ആഴ്ചയാണ് യമുന എക്‌സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത്. ആയുഷിയുടെ അച്ഛന്‍ നിതേഷ് യാദവ് മകളെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മഥുര പോലീസ് സൂപ്രണ്ട് പറഞ്ഞു. ഇതരജാതിയില്‍ പെട്ട യുവാവിനെ ആയുഷി വിവാഹം ചെയ്തതാണ് കൊലപാതകത്തിന് കാരണമായത്.
ആയുഷിയുടെ മൃതദേഹം തിരിച്ചറിയുന്നതിനായി എത്തിയ നിതേഷ് യാദവിനെ പോലീസ് വിശദമായി ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തെ കുറിച്ചുള്ള വിവരം പുറത്തുവന്നത്. വീട്ടുകാരെ അറിയിക്കാതെ ഛത്രപാല്‍ എന്ന യുവാവിനെ ആയുഷി വിവാഹം ചെയ്തിരുന്നതായും വീട്ടില്‍ രാത്രി വൈകിയെത്തുന്നത് പതിവായിരുന്നതായും നിതേഷ് യാദവ് പോലീസിന് മൊഴി നല്‍കി. ആയുഷിയുടെ പെരുമാറ്റം ധിക്കാരപരമായി തോന്നിയ മാതാപിതാക്കള്‍ കൊലപാതകത്തിന് മുതിരുകയായിരുന്നു എന്നാണ് വിവരം.
ലൈസന്‍സുള്ള തോക്കുപയോഗിച്ച് ആയുഷിയെ വെടിവെച്ച ശേഷം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് സ്യൂട്ട്‌കേസിലാക്കി നിതേഷ് തന്നെയാണ് വെള്ളിയാഴ്ച എക്‌സ്പ്രസ് വേയില്‍ ഉപേക്ഷിച്ചത്. മുഖത്തും തലയിലിലും ചോര ഒലിച്ചിറങ്ങിയ നിലയിലായിരുന്നു ആയുഷിയുടെ മൃതദേഹം. കൂടാത ശരീരമാസകലം മുറിപ്പാടുകളുണ്ടായിരുന്നു. സ്യൂട്ട്‌കേസ് കണ്ടെത്തിയ ചില തൊഴിലാളികളാണ് പോലീസിനെ വിവരമറിയിച്ചത്.