പറവൂർ: കേരള ചരിത്രത്തിൽവരെ ഇടംനേടിയിട്ടുള്ള പറവൂരിലെ നൂറ്റാണ്ട് പഴക്കമുള്ള നമ്പൂരിയച്ചൻ ആൽ നിലംപൊത്തിയപ്പോൾ അതിനടിയിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടയാൾ ഒമ്പതുമാസത്തിനുശേഷം വീട്ടിലെ അടയ്ക്കാമരം വെട്ടുന്നതിനിടെ ദേഹത്തുവീണ് മരിച്ചു. പറവൂർ ചെറിയപല്ലംതുരുത്ത് ഈരേപ്പാടത്ത് രാജൻ (60) ആണ് മരിച്ചത്.
ബന്ധുവിനോടൊപ്പം തറവാട്ടുവീട്ടിലെ അടയ്ക്കാമരം വെട്ടുന്നതിനിടെയാണ് അപകടം. മരം വെട്ടുന്നതിനിടെ കെട്ടിയ വടം വലിക്കുമ്പോൾ ദേഹത്ത് പതിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാൽനൂറ്റാണ്ടായി ലോട്ടറി വിൽപ്പന നടത്തുന്ന രാജൻ ഏറെ വർഷങ്ങൾ രാവിലെ മുതൽ വൈകീട്ടുവരെ നമ്പൂരിയച്ചൻ ആൽത്തറയുടെ ചുവട്ടിലാണ് ഉണ്ടായിരുന്നത്. ആൽപരിസരം ശുചീകരിക്കുന്നതിലും ശ്രദ്ധിച്ചിരുന്നു.
വൃക്ഷ മുത്തച്ഛൻ കാലപ്പഴക്കത്താൽ ദ്രവിച്ച് നിലംപൊത്തുമ്പോൾ അതിനടിയിൽ ഉണ്ടായിരുന്ന രാജൻ ഒരു പോറൽപോലും ഏൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടത് അന്ന് വാർത്തയായിരുന്നു. മറിഞ്ഞ ആലിന്റെ ഭാഗങ്ങൾ ആൽത്തറയിൽ തങ്ങിനിന്നതാണ് രക്ഷയായത്.ഭാര്യ: സുജാത. മക്കൾ: രാജി, രാഖി. മരുമക്കൾ: ദീപു, മനീഷ്.