കോഴിക്കോട്: സംസ്ഥാനത്തു കോവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെ പാരസെറ്റമോൾ അടക്കമുള്ള മരുന്നുകളുടെ വില്പനയ്ക്കു മൂക്കുകയറിട്ട് ഡ്രഗ് കണ്ട്രോള് വിഭാഗം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇവ ഇനി മെഡിക്കൽ സ്റ്റോറുകൾ വിൽക്കരുതെന്നാണ് നിർദേശം.
ജനകീയ മെഡിസിനായ പാരസെറ്റാമോള്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ പനി, ജലദോഷം, ചുമ എന്നീ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ നല്കരുതെന്നു ഡ്രഗ് കണ്ട്രോള് വിഭാഗം വീണ്ടും മുന്നറിയിപ്പ് നല്‍കിയത്.
കോവിഡ് ഒന്നാംതരംഗ സമയത്ത് തന്നെ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും പിന്നീടു പരിശോധനകള്‍ കുറഞ്ഞു. കോവിഡ് വീണ്ടും പടര്‍ന്നു പിടിക്കുന്നതിനിടെയാണ് മെഡിക്കല്‍ സ്റ്റോറുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ ഡ്രഗ് കണ്ട്രോള് വിഭാഗം തീരുമാനിച്ചത്.
പനി, തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയാണ് കോവിഡിന്റെ പ്രധാന ലക്ഷണം. കോവിഡ് ഉള്ളവര്‍ പനിയാണെന്നു കരുതി പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കഴിക്കുകയും ശരീരോഷ്മാവ് കുറയുമ്പോള്‍ പുറത്തിറങ്ങി നടക്കുകയും ചെയ്യും.
ഇത്തരത്തില്‍ പുറത്തിറങ്ങുന്നവര്‍ വഴി രോഗവ്യാപനം കൂടാനുള്ള സാധ്യതയേറെയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതേസമയം, കോവിഡ് ഭീതിയെ തുടർന്നു പലരും പനി, ചുമ തുടങ്ങി ചെറിയ അസുഖങ്ങള്‍ക്ക് ആശുപത്രികളിലേക്കു പോയാലും രോഗം പടരാനുള്ള സാധ്യതയുണ്ട്. ഈ ഘട്ടത്തിലാണ് പലരും മെഡിക്കല്‍ സ്റ്റോറുകളില്‍ അഭയം പ്രാപിക്കുന്നത്.
നിയന്ത്രണം കടുപ്പിക്കുന്നതോടെ മരുന്നുകള്‍ ലഭിക്കാതെ വരികയും ആശുപത്രികളില്‍ പോകേണ്ടതായും വരുമെന്ന ആശങ്കയിലാണ് സാധാരണക്കാര്‍. സിഎച്ച്സി ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനേഷനുള്ള ആളുകള്‍ കൂടി നിറയുന്നതോടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പാരസെറ്റമോൾ വാങ്ങാൻ ഉൾപ്പെടെ ഡോക്ടറുടെ കുറിപ്പടി വേണമെന്നത് എത്രത്തോളം പ്രായോഗികമാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.