കൊച്ചി:ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു.107 വയസായിരുന്നു. കൊച്ചിയിലാണ് അന്ത്യം സംഭവിച്ചത്. പതിനയ്യായിരത്തോളം വേദികളില്‍ അദ്ദേഹം നാടകം അവതരിപ്പിച്ചിട്ടുണ്ട്. 25ഓളം സിനിമകളിലും അഭിനയിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാട്(2010) എന്ന സിനിമയിലാണ് അവസാനമായി അദ്ദേഹം പാടിയത്. കേരള സൈഗാള്‍ എന്ന പേരില്‍ അറിയപ്പെട്ടു.
ഏഴാമത്തെ വയസ്സില്‍ വേദമണി എന്ന സംഗീതനാടകത്തിലൂടെയാണ് അദ്ദേഹം അരങ്ങിലെത്തിയത്. പതിനേഴു വയസ്സുള്ളപ്പോള്‍ ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ ‘മിശിഹാചരിത്ര’ത്തില്‍ മഗ്ദലന മറിയത്തിന്റെ വേഷമിട്ട് പ്രൊഫഷണല്‍ നടനായി. പിന്നീട് ചങ്ങനാശേരിയിലുള്ള നാടക ട്രൂപ്പുകളോടൊപ്പമെത്തി.
തിക്കുറിശ്ശിയുടെ മായ എന്ന നാടകത്തില്‍ പാപ്പുക്കുട്ടി നായകനും തിക്കുറിശ്ശി വില്ലനുമായിരുന്നു. കോളിളക്കം സൃഷ്ടിച്ച നാടകമായിരുന്നു മായ. ഒരു വര്‍ഷം 290 സ്റ്റേജുകളിലാണ് മായ അവതരിപ്പിച്ചത്. സമത്വം, സ്വാതന്ത്ര്യം, തെരുവുതെണ്ടി, കമ്യൂണിസ്റ്റ് അല്ല, ഭാഗ്യചക്രം, ഇണപ്രാവുകള്‍, ചിരിക്കുന്ന ചെകുത്താന്‍, പത്തൊമ്പതാം നൂറ്റാണ്ട്…. തുടങ്ങി അനവധി നാടകങ്ങള്‍.
15,000 വേദികളിലെങ്കിലും നാടകം അവതരിപ്പിച്ചിട്ടുണ്ട്.കോയമ്പത്തൂര്‍ പക്ഷിരാജ സ്റ്റുഡിയോയില്‍ ചിത്രീകരിച്ച പ്രസന്നയാണ് ആദ്യ സിനിമ. അതില്‍ പാടുകയും ചെയ്തു. ഗുരുവായൂരപ്പന്‍, സ്ത്രീഹൃദയം, മുതലാളി, വില കുറഞ്ഞ മനുഷ്യര്‍, പഠിച്ച കള്ളന്‍, അഞ്ചു സുന്ദരികള്‍… തുടങ്ങിയവ ശ്രദ്ധേയം. സത്യനും നസീറിനും വേണ്ടി പല തവണ പിന്നണി പാടി.
മേരിക്കുണ്ടൊരു കുഞ്ഞാടില്‍ പ്രശസ്തമായ ‘എന്റടുക്കെ വന്നടുക്കും പെമ്പിറന്നോളെ…’ എന്ന പാട്ടു പാടി തന്റെ സാന്നിധ്യം അറിയിച്ചു. പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജ് മരുമകനാണ്. മക്കള്‍- സല്‍മ(ഗായിക), മോഹന്‍ ജോസ് ( നടന്‍), സാബു ജോസ് എന്നിവരാണ്.