കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസില്‍ വീണ്ടും വീഡിയോ പുറത്തുവിട്ട് പരാതിക്കാരിയായ യുവതി. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും താൻ സുരക്ഷിതയാണെന്നുമാണ് പുതിയ വീഡിയോയില്‍ യുവതി പറയുന്നത്.
നേരത്തേ പുറത്തുവിട്ട വീഡിയോ ചെയ്തത് ആരുടേയും നിർബന്ധപ്രകാരമല്ല എന്ന് പറഞ്ഞ യുവതി, അന്വേഷണ ചുമതലയുള്ള എ.സി.പിയെ വിളിച്ച് സത്യം പറഞ്ഞിരുന്നതായും വെളിപ്പെടുത്തി.
‘ഞാൻ സുരക്ഷിതയാണ്. എന്നെയാരും തട്ടിക്കൊണ്ടുപോയിട്ടൊന്നുമില്ല. ആരുടേയും ഭീഷണി പ്രകാരമല്ല ഞാൻ അങ്ങനൊരു വീഡിയോ പുറത്തുവിട്ടത്. എന്റെ സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ്. ഒരു സമാധാനം കിട്ടുന്നില്ല. മൊത്തത്തിലൊരു പ്രഷറ് കാരണം എനിക്ക് എല്ലാവരില്‍ നിന്നും കുറച്ചുദിവസം മാറിനില്‍ക്കാൻ തോന്നി. എനിക്കറിയാം ഒത്തിരി വൈകിപ്പോയി എന്ന്. ഇപ്പോഴെങ്കിലും സത്യങ്ങള്‍ തുറന്നുപറയണമെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് മാറിനിന്ന് വീഡിയോ ചെയ്യുന്നത്.’ -യുവതി പുതിയ വീഡിയോയില്‍ പറഞ്ഞു.
‘എന്റെ വീട്ടില്‍ നിന്ന് സത്യങ്ങള്‍ തുറന്നുപറയുന്ന വീഡിയോ പുറത്തുവിടാനുള്ള സാഹചര്യം ഒരിക്കലുമുണ്ടാകില്ല. എനിക്കവിടെ നിന്ന് വധഭീഷണി പോലുമുണ്ടായതാണ്. നല്ല പ്രഷറ് കാരണമാണ് എനിക്ക് വീട്ടില്‍ നില്‍ക്കാൻ പറ്റാത്തത്.’ -യുവതി തുടർന്നു. പുതിയ വെളിപ്പെടുത്തലുകളില്‍ പ്രതികരിക്കാനില്ലെന്ന് യുവതിയുടെ വീട്ടുകാർ അറിയിച്ചു.
അതേസമയം കേസില്‍ അന്വേഷണം പൂർത്തിയാക്കി അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണസംഘം പറഞ്ഞു. യുവതിയുടെ രഹസ്യമൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തിയ കേസാണ് ഇത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പരാതിക്കാരിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷണത്തെ ബാധിക്കില്ലെന്നും അന്വേഷണസംഘം അറിയിച്ചു.