ഗാസയിലെ വെടിനിർത്തൽ പ്രമേയം പാസാക്കി യുഎൻ രക്ഷാ സമിതി; സൈനിക പിന്മാറ്റവും പുനർനിർമാണവും നിർദേശങ്ങൾ
ന്യൂയോർക്ക്: ഗാസയിൽ സമ്പൂർണ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം ഐക്യ രാഷ്ട്രസഭാ രക്ഷാ സമിതി അംഗീകരിച്ചു. സമ്പൂർണ സൈനിക പിന്മാറ്റവും ഗാസയുടെ പുനർനിർമാണവും ആവശ്യപ്പെടുന്നതാണ് പ്രമേയം. അമേരിക്ക ഉൾപ്പെടെ എല്ലാ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചപ്പോൾ റഷ്യ വിട്ടുനിന്നു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ മാസം മുന്നോട്ടുവെച്ച മൂന്ന് ഘട്ടമായുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതാണ് പ്രമേയം. ആദ്യത്തെ ആറാഴ്ച വെടിനിർത്തലിനൊപ്പം ഇസ്രയേലി ജയിലുകളിലുള്ള പലസ്തീൻ പൗരന്മാരെയും ഗാസയിൽ ബന്ധികളാക്കിയിരിക്കുന്ന ഇസ്രയേലി പൗരന്മാരിൽ ചിലരെയും വിട്ടയക്കണം. രണ്ടാം ഘട്ടത്തിലെ സമ്പൂർണ വെടിനിർത്തലിൽ ബാക്കി ബന്ദികളെക്കൂടി വിട്ടയക്കണമെന്നാണ് നിർദേശം. ആക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയുടെ പുനർനിർമാണമാണ് മൂന്നാം ഘട്ടം.
നിർദേശം ഇസ്രയേൽ അംഗീകരിച്ചുവെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. പ്രമേയത്തോട് ആദ്യം അനുകൂലമായി പ്രതികരിച്ച ഹമാസ് ഈ മൂന്ന് ഘട്ട വെടിനിർത്തൽ നിർദേശങ്ങൾ അംഗീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഇസ്രയേലും ഹമാസും എത്രയും വേഗം ഈ പ്രമേയത്തിലെ നിർദേശങ്ങൾ ഉപാധികൾ വെയ്ക്കാതെ നടപ്പാക്കണമെന്നാണ് നിർദേശം.