കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധു ഗാര്‍ഹികപീഡനത്തിനിരയായ സംഭവത്തില്‍ പ്രതിയായ രാഹുല്‍ പി. ഗോപാലിനായി പോലീസ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങുമ്പോള്‍, താന്‍ വിദേശത്തേക്ക് കടന്നെന്ന വെളിപ്പെടുത്തലുമായി രാഹുല്‍.
വിദേശത്തേക്കുകടന്നെന്ന സംശയത്തെത്തുടര്‍ന്നാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിന് അപേക്ഷ നല്‍കിയത്. പ്രതി വിദേശത്തേക്കുപോയതായി ഇപ്പോഴും പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നിരിക്കെയാണ് താന്‍ സിംഗപ്പൂരിലാണെന്നും തന്റെപേരിലുള്ള സ്ത്രീപീഡനപരാതി കെട്ടിച്ചമച്ചതാണെന്നും രാഹുല്‍ പറഞ്ഞത്.
ഈ മാസം അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ യുവതിയും രാഹുലും വിവാഹിതരായത്. ഞായറാഴ്ച യുവതിയുടെ മാതാപിതാക്കള്‍ രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് പീഡനവിവരം അറിഞ്ഞതും പോലീസില്‍ പരാതി നല്‍കിയതും.
മകളെ തല്ലിയതിന് പകരംചെയ്യുമെന്ന് യുവതിയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതിനാലാണ് രാജ്യം വിട്ടതെന്ന് രാഹുല്‍ പി. ഗോപാല്‍ പറഞ്ഞു. നാട്ടില്‍ നില്‍ക്കാന്‍പറ്റാത്ത സ്ഥിതിയായി. നേരത്തേ വിവാഹം രജിസ്റ്റര്‍ചെയ്തകാര്യം വിവാഹത്തിനുമുമ്പുതന്നെ പറഞ്ഞിരുന്നെന്നും രാഹുല്‍ പറഞ്ഞു.
പ്രതി വിമാനത്താവളംവഴി വിദേശത്തേക്ക് കടന്നിട്ടുണ്ടോ എന്നറിയാന്‍ ഫോറിനേഴ്സ് റീജണല്‍ രജിസ്ട്രേഷന്‍ ഓഫീസുമായി (എഫ്.ആര്‍.ആര്‍.ഒ.) ബന്ധപ്പെട്ടിരിക്കയാണെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ പറഞ്ഞു.
പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും മൊഴിയെടുക്കാന്‍ പോലീസ് വ്യാഴാഴ്ച പന്തീരാങ്കാവിലെ വീട്ടിലെത്തിയെങ്കിലും വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അയല്‍വാസികളില്‍നിന്ന് വിവരം ശേഖരിച്ച് മടങ്ങി. രാഹുലിന്റെ അമ്മയ്‌ക്കെതിരേയും സഹോദരിയ്‌ക്കെതിരേയും ഗാര്‍ഹികപീഡനത്തിനിരയായ പെണ്‍കുട്ടി മൊഴിനല്‍കിയിരുന്നു.