കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൊഴി മാറ്റി പറഞ്ഞ പരാതിക്കാരിയായ പെൺകുട്ടി സംസ്ഥാനം വിട്ടതായാണ് സൂചനയെന്ന് പൊലീസ് വ്യക്തമാക്കി. അവസാന ടവർ ലൊക്കേഷൻ ലഭിച്ചത് ഡല്ഹിയില് നിന്നാണ്. അതേ സമയം പാസ്പോർട്ട് ഇല്ലാത്തതിനാൽ രാജ്യം വിടാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം.
താൻ സ്വമേധയാ വീട് വിടുന്നതായി വാട്സാപ്പ് കാൾ വഴി അച്ഛനെ അറിയിച്ചിരുന്നു. കഴിഞ്ഞ ഏഴാം തിയതിയാണ് ഓഫീസിൽ ഒടുവിൽ എത്തിയത്. ലാപ്ടോപ് എടുത്തു കുടുംബത്തോടൊപ്പം യാത്ര പോകാൻ ലീവ് ആവശ്യപ്പെട്ടു. ഇവിടെ നിന്ന് ദില്ലിയിൽ എത്തിയ യുവതി വീഡിയോ റെക്കോർഡ് ചെയ്ത് സ്വന്തമായി യൂട്യൂബ് പേജ് ഉണ്ടാക്കി വീഡിയോ അപ്ലോഡ് ചെയ്തുവെന്നാണ് പൊലീസ് ഭാഷ്യം.
ഭർത്താവിനെ ന്യായീകരിച്ചും വീട്ടുകാരെ വീണ്ടും തള്ളിപ്പറഞ്ഞും യുവതി വീണ്ടും വീഡിയോയുമായി രംഗത്തെത്തിയിരുന്നു. തനിക്ക് ആരുടെയും ഭീഷണി ഇല്ലെന്നും വീട്ടിൽ നിന്ന് മാറി നിൽക്കുന്നത് അമ്മയെ അറിയിച്ചിട്ടെന്നും യുവതി പറഞ്ഞു. താൻ പരാതി പറയാത്തത് കൊണ്ടാണ് പൊലീസ് കേസ് എടുക്കാത്തതെന്നും സ്വന്തം യുട്യൂബ് പേജിലൂടെ പുറത്ത് വിട്ട വീഡിയോയിൽ യുവതി പറഞ്ഞു.
രഹസ്യമൊഴിയിൽ നുണ പറയേണ്ടി വന്നതിനാൽ വീണ്ടും സത്യാവസ്ഥ ബോദ്ധ്യപ്പെടുത്താൻ മജിസ്ട്രേറ്റ് കോടതി അവസരം തരണമെന്നാണ് യുവതിയുടെ ആവശ്യം. ബന്ധുക്കളിൽ ചിലരുടെ സമ്മർദ്ദം കാരണമാണ് ഭർത്താവുമായുള്ള തർക്കം ഈ രീതിയിൽ വഷളാക്കിയതെന്നും യുവതി പറയുന്നു. മകളെ കാണാനില്ലെന്ന അച്ഛന്റെ പരാതിയിൽ പൊലീസ് അന്വേഷണം ഒരു പുരോഗതിയും ഇല്ലാതെ മുന്നോട്ട് പോകുമ്പോഴാണ് യുവതി മൂന്നാമത് വീഡിയോയുമായി കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.