അടിമാലി: കാമാക്ഷി സ്വദേശിനി സിന്ധുവിന്റെ മൃതദേഹം അടുപ്പിനടിയില്‍നിന്നു മാറ്റി അണക്കെട്ടില്‍ കെട്ടിത്താഴ്ത്താനും പണിക്കന്‍കുടി മാണിക്കുന്നേല്‍ ബിനോയി പദ്ധതിയിട്ടിരുന്നതായി പോലീസ്. എന്നാല്‍, ‘ദൃശ്യം’ സിനിമയെ വെല്ലുന്ന തരത്തില്‍ തയാറാക്കിയ പദ്ധതി പൊളിഞ്ഞതാണു പ്രതിക്കു വിനയായത്.
വര്‍ഷങ്ങളായി വേര്‍പിരിഞ്ഞ ഭര്‍ത്താവ് രോഗക്കിടക്കയില്‍ ആയതോടെ സിന്ധുവിന് അവിടേയ്ക്ക് ഉണ്ടായ ചായ്വാണു ബിനോയിക്കു പ്രകോപനമായത്. അതു സംശയവും പകയുമായി വളര്‍ന്നതോടെയാണു കൊലപാതകത്തിനുള്ള തയാറെടുപ്പ് തുടങ്ങിയത്. കഴിഞ്ഞ മാസം 12 നാണു സിന്ധുവിനെ കാണാതായത്. അവര്‍ മറ്റാരുടെയോ കൂടെ ഒളിച്ചോടി എന്ന പ്രചരണമാണു ബിനോയ് നടത്തിയത്.
എന്നാല്‍, മൂന്നുദിവസം കഴിഞ്ഞതോടെ സിന്ധുവിന്റെ ബന്ധുക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. പോലീസ് അന്വേഷണം തന്നിലേക്ക് തിരിഞ്ഞതോടെയാണ് ബിനോയി നാടുവിട്ടത്. ബിനോയിക്കും സിന്ധുവിനും ഒപ്പം താമസിച്ചിരുന്ന സിന്ധുവിന്റെ 13 വയസുള്ള മകന് സംഭവത്തെക്കുറിച്ച് കുറിച്ച് ഏകദേശധാരണ ഉണ്ടാകാമെന്നു പ്രതിക്കു ബോധ്യമുണ്ടായിരുന്നു.
എങ്കിലും കുട്ടിക്ക് മൊബൈല്‍ഫോണും സിം കാര്‍ഡും വാങ്ങി നല്‍കിയിരുന്നതിനാല്‍ തനിക്കെതിരേ പറയില്ലെന്ന് അയാള്‍ കണക്കുകൂട്ടി. 20 ദിവസത്തോളം കേരളത്തിലും തമിഴ്നാട്ടിലുമായി ബിനോയ് കറങ്ങി നടന്നു. സിന്ധുവിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയില്ലെന്ന് ഉറപ്പായതോടെ മൂന്നാം തീയതി ഇയാള്‍ തിരികെ നാട്ടിലെത്തി. അടുപ്പിന്റെ അടിയില്‍ കുഴിച്ചിട്ട സിന്ധുവിന്റെ മൃതദേഹം രാത്രിയില്‍ എടുത്ത് പൊന്മുടി അണക്കെട്ട് ജലാശയത്തില്‍ കെട്ടി താഴ്ത്തുകയായിരുന്നു ലക്ഷ്യം. മൃതദേഹം കണ്ടെത്താന്‍ കഴിയാതെയാകുന്നതോടെ താന്‍ എന്നെന്നേക്കുമായി സുരക്ഷിതനാകും എന്നാണു ബിനോയി കരുതിയത്.
കൃത്യം നടത്തിയത് ബിനോയ് ഒറ്റയ്ക്ക് തന്നെയെന്നു പോലീസ് വ്യക്തമാക്കി. വിശദമായ ചോദ്യം ചെയ്യലിന് പ്രതി ബിനോയിയെ നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പോലീസ്. പ്രതി ബിനോയിയെ പണിക്കന്‍കുടിയിലെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. വരും ദിവസങ്ങളില്‍ പ്രതി ഒളിവില്‍ കഴിഞ്ഞ പാലക്കാട്, പൊള്ളാച്ചി, തൃശൂര്‍, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുക്കും.
സംശയത്തെ തുടര്‍ന്നാണ് സിന്ധുവിനെ കൊലപ്പെടുത്തിയതെന്ന് പ്രതി ബിനോയ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകം നടന്ന 12ാം തീയതി രാത്രി മറ്റ് പുരുഷന്മാരെ ഫോണില്‍ വിളിക്കുന്നത് സംബന്ധിച്ച് സിന്ധുവും ബിനോയിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. വാക്കുതര്‍ക്കത്തിന് പിന്നാലെ സിന്ധുവിനെ പ്രതി മര്‍ദിച്ചു.
തറയില്‍ വീണ സിന്ധുവിനെ പ്രതി തലയണയും തുണിയും മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് സിന്ധുവിന്റെ വസ്ത്രങ്ങള്‍ നീക്കം ചെയ്യുകയും അടുക്കളയില്‍ മൃതദേഹം കുഴിച്ചു മൂടുകയുമായിരുന്നു.