ഇടുക്കി: കൊവിഡ് സമ്പര്‍ക്ക വ്യാപനത്തെ തുടര്‍ന്ന് ആശങ്കയുടെ മുള്‍മുനയില്‍ നില്ക്കുന്ന ഇടുക്കി ജില്ലയില്‍ പഞ്ചായത്ത് പ്രസിഡന്റിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ഏലപ്പാറ പഞ്ചായത്ത് ഓഫീസ് അടച്ചു. അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത് ഓഫീസ് അടച്ചത്. അതേസമയം ഒരാഴ്ചക്കിടെ പഞ്ചായത്ത് ഓഫീസില്‍ സന്ദര്‍ശനം നടത്തിയവരോട് ക്വാറന്റൈനില്‍ പോകാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. രാജകുമാരി ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളാക്കി. ഇടുക്കി- കഞ്ഞിക്കുഴി, വാഴത്തോപ്പ്, മരിയാപുരം, വണ്ണപ്പുറം, മൂന്നാര്‍, കട്ടപ്പന, വാത്തിക്കുടി, കാമാക്ഷി, കരിങ്കുനം, ഇടവെട്ടി, വണ്ടന്മേട്, ഏലപ്പാറ, ശാന്തന് പാറ, പീരുമേട് എന്നി പഞ്ചായത്ത്- മുനിസിപ്പാലിറ്റികളില്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന വാര്‍ഡുകളിലെ നിയന്ത്രണം തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ഇന്നലെ ജില്ലയില്‍ 14 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഏഴുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നിലവില്‍ 346 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്.