ആർഎസ്എസ് ശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത പഞ്ചായത്ത് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ;സംഭവം കർണാടകയിൽ

ബെംഗളൂരു: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) ശതാബ്ദി ആഘോഷത്തിൽ പങ്കെടുത്തതിന് പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫീസർ (പിഡിഒ) കെ.പി. പ്രവീൺ കുമാറിനെ കർണാടക സർക്കാർ സസ്‌പെൻഡ് ചെയ്തു. ഒക്ടോബർ 12-ന് റെയ്ച്ചൂരിലെ ലിംഗസുഗൂരിൽ നടന്ന ആഘോഷത്തിലാണ് ഇയാൾ പങ്കെടുത്തത്.

‘ഒരു സർക്കാർ ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റം’ എന്നു ചൂണ്ടിക്കാട്ടി പഞ്ചായത്ത് രാജ് കമ്മീഷണർ അരുന്ധതി ചന്ദ്രശേഖർ കുമാറിനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കി.

ആർഎസ്എസുമായി ബന്ധമുള്ള സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണിത്. രാഷ്ട്രീയ ചായ്‌വുള്ള സംഘടനകളിൽ അംഗത്വം നേടുന്നതിൽനിന്നും അവയുടെ പരിപാടികളിൽ പങ്കെടുക്കുന്നതിൽനിന്നും സർക്കാർ ജീവനക്കാരെ വിലക്കുന്ന കർണാടക സിവിൽ സർവീസസ് ചട്ടങ്ങൾ പ്രിയങ്ക് ചൂണ്ടിക്കാണിച്ചിരുന്നു.

സിർവാർ താലൂക്കിലെ പിഡിഒയായ പ്രവീൺ കുമാറിനെ ലിംഗസുഗൂരിലെ ബിജെപി എംഎൽഎ മണപ്പ വജ്ജലിന്റെ പേഴ്‌സണൽ അസിസ്റ്റന്റായി നിയമിച്ചിരുന്നു. പ്രവീൺ ഗണവേഷത്തിൽ വടിയേന്തി ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തോ ഇല്ലയോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ റായ്ച്ചൂർ ജില്ലാ പഞ്ചായത്തിനോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടിൽ ഇത് സ്ഥിരീകരിച്ചതോടെയാണ് സസ്‌പെൻഡ് ചെയ്തത്.

സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് രാജ്യസ്‌നേഹ വികാരങ്ങൾക്ക് എതിരായുള്ള കടന്നാക്രമണമാണ് പ്രവീൺ കുമാറിന്റെ സസ്‌പെൻഷനെന്ന് ബിജെപി കുറ്റപ്പെടുത്തി. ‘കോൺഗ്രസിന്റെ വിദ്വേഷം നിറഞ്ഞ വികലവും ഹിന്ദുവിരുദ്ധവുമായ മാനസികാവസ്ഥയുടെ പ്രതിഫലനമാണിത്. മാപ്പ് പറഞ്ഞ് പ്രതികാര നടപടിയായ ഈ സസ്‌പെൻഷൻ ഉടൻ പിൻവലിക്കണം. അല്ലെങ്കിൽ, ജനാധിപത്യ സംവിധാനത്തിനുള്ളിൽനിന്ന് ഭരണഘടനാപരമായ മാർഗങ്ങളിലൂടെ ഉചിതമായ മറുപടി നൽകും.’ ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News